തിരുവനന്തപുരം: കേരളസര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്പോര്‍ട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള കൗണ്‍സിലിംഗ് സെപ്റ്റംബര്‍ 28 ന് നടത്തുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന, സ്പോര്‍ട്സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 10.30ന് അതാത് കോളേജുകളില്‍ ഹാജരായിരിക്കണം.
എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകള്‍ക്കും ഒരേ ഷെഡ്യൂളില്‍ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാല്‍ ഒന്നില്‍ കൂടുതല്‍ കോളേജുകളുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ രക്ഷാകര്‍ത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. പ്രതിനിധിയാണ് ഹാജരാകുന്നത് എങ്കില്‍ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാര്‍ഥി ഒപ്പിട്ട ഓത്തോറിസഷൻ ലെറ്റർ
എന്നിവ ഹാജരാക്കണം.
റാങ്ക് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ള കൃത്യ സമയത്തു തന്നെ വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ കോളേജില്‍ ഹാജരായിരിക്കേണ്ടതാണ്. റാങ്ക് അനുസരിച്ചാണ് കൗണ്‍സിലിംഗ്. റാങ്ക് വിളിക്കുന്ന സമയം വിദ്യാര്‍ത്ഥിയോ പ്രതിനിധിയോ ഹാജരില്ല എങ്കില്‍ റാങ്ക് ലിസ്റ്റിലെ അടുത്തയാളെ പരിഗണിക്കുന്നതാണ്. പിന്നീട് ആ വിദ്യാര്‍ത്ഥിക്ക് ആ സീറ്റ് അവകാശപ്പെടാന്‍ സാധിക്കില്ല.
അഡ്മിഷന് ഹാജരാകുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സല് ഹാജരാക്കേണ്ടതാണ്. പ്രതിനിധി ഹാജരാകുന്ന കോളേജില്‍ ആണ് അഡ്മിഷന് ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി നേരിട്ട് എത്തി അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
നിലവില്‍ മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന് ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ ഹാജരാക്കണം. അങ്ങനെയുള്ളവര്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അഡ്മിഷന് ലഭിക്കുന്ന പക്ഷം പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ അഡ്മിഷന് ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. പ്രിന്‍സിപ്പാള്‍ അനുവദിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ അഡ്മിഷന് നടപടി പൂര്‍ത്തിയാക്കാത്തവരുടെ സീറ്റ് ഒഴിവുള്ളതായി പരിഗണിക്കുന്നതും അടുത്ത ഘട്ടത്തിലെ കൗണ്‍സിലിങ്ങില്‍ നികത്തുന്നതുമാണ്. അവരെ പിന്നീട് യാതൊരു കാരണവശാലും ആ സീറ്റിലേക്ക് പരിഗണിക്കുന്നതല്ല.
വിദ്യാര്‍ത്ഥികള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി വെരിഫിക്കേഷന് നടത്തിയാണ് സ്പോര്‍ട്സ് ക്വാട്ട റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് അതാത് കോളേജുകളില്‍ നടത്തുന്നതാണ്. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അഡ്മിഷന് നിരസിക്കുന്നതാണ്. പ്രൊഫൈലില്‍ ചേര്‍ത്തിട്ടില്ലാത്ത യാതൊരു സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കുന്നതല്ല. റാങ്ക് ലിസ്റ്റില്‍ യാതൊരു വിധ മാറ്റവും അനുവദിക്കുന്നതല്ല.
അഡ്മിഷന് ലഭിക്കുന്നവര്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അവരുടെ പ്രൊഫൈലില്‍ നിന്നും ഓണ്‍ലൈനായി അടക്കേണ്ടതാണ്. ഇതിനുള്ള ലിങ്ക് കോളേജില്‍ നിന്നും ആക്റ്റീവ് ആക്കി നല്‍കും. യൂണിവേഴ്സിറ്റി ഫീസിന്റെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസ്സില്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം കോളേജില്‍ അടക്കേണ്ട നിശ്ചിത ഫീസും ഒടുക്കേണ്ടതാണ്. താത്കാലിക അഡ്മിഷന് സ്പോര്‍ട്സ് ക്വാട്ടയില്‍ ബാധകമല്ല എന്ന കാര്യം ശ്രദ്ധിക്കുക.