മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സിന് ഏഴു വിക്കറ്റിന്റെ അനായാസ ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.
അര്‍ധസെഞ്ചുറി നേടിയ രാഹുല്‍ ത്രിപാഠിയും യുവതാരം വെങ്കടേഷ് അയ്യരുമാണ് കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത കൊല്‍ക്കത്ത ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
സ്കോര്‍: മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ആറുവിക്കറ്റിന് 155. കൊല്‍ക്കത്ത: 15.1 ഓവറില്‍ മൂന്നുവിക്കറ്റിന് 159.
രാഹുല്‍ ത്രിപാഠി 42 പന്തുകളില്‍ നിന്ന് 74 റണ്‍സ് നേടി പുറത്താവാതെ നിന്നപ്പോള്‍ വെങ്കടേഷ് അയ്യര്‍ 53 റണ്‍സെടുത്തു.
തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട കൊല്‍ക്കത്ത 40 റണ്‍സ് എത്തി നില്‍ക്കെയാണ് ആദ്യവിക്കറ്റ് നഷ്ടപ്പെടുന്നത്. 13 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ബുംറയാണ് പുറത്താക്കിയത്. എന്നാല്‍ പിന്നീടെത്തിയ രാഹുല്‍ ത്രിപാഠിയും ഓപ്പണര്‍ വെങ്കിടേഷ് അയ്യരും ചേര്‍ന്ന് വിജയലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുകയായിരുന്നു.
128 റണ്‍സില്‍ എത്തി നില്‍ക്കെ ബുംറയുടെ പന്തില്‍ വെങ്കിടേഷ് അയ്യര്‍ പുറത്താകുമ്പോഴേക്കും കൊല്‍ക്കത്ത വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇയോണ്‍ മോര്ഗന് ഏഴ് റണ്‍സെടുത്ത് പുറത്തായെങ്കിലും നിതീഷ് റാണയും ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റർ ക്വിന്റണ്‍ ഡി കോക്ക് അര്‍ധസെഞ്ചുറി നേടി. മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോര്‍ കണ്ടെത്താന്‍ മുംബൈയ്ക്ക് സാധിച്ചില്ല.
ആദ്യ ഓവറുകളില്‍ നന്നായി റണ്‍സ് വഴങ്ങിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന കൊല്‍ക്കത്ത ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്കോറിന് പിടിച്ചുനിര്‍ത്തിയത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിനെ ചെറിയ സ്കോറില്‍ ഒതുക്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരെയ്ന് ഒരു വിക്കറ്റ് സ്വന്തമാക്കി.
ഈ വിജയത്തോടെ കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു. മുംബൈ ആറാം സ്ഥാനത്തേക്ക് വീണു.