പാലക്കാട്: തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തൃത്താല മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളെക്കുറിച്ച് നിരവധി പരാതിയാണ് ലഭിച്ചതെന്നു സ്പീക്കര്‍ എം ബി രാജേഷ്. പദ്ധതികള്‍ ബഹൂഭൂരിപക്ഷവും മുന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചതും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് നിര്വ്വഹിക്കുന്നവയുമാണ്. ഗോഖലെ സ്കൂള്‍ കെട്ടിട നിര്‍മ്മാണം പോലെ എട്ട് വര്‍ഷമായിട്ടും പൂര്ത്തിയാവാത്തവ വരെയുണ്ട് ഇക്കൂട്ടത്തില്‍. ഇവയില്‍ അധികവും സ്ക്കൂളുകളാണെന്നും എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യകതമാക്കി.
പരാതികളെ തുടര്‍ന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന്റെ ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചു വരുത്തി റിപ്പോര്‍ട്ട് തേടി. അതനുസരിച്ച് നാലുകോടി എഴുപത്തിരണ്ട് ലക്ഷം രൂപയിലധികം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അവര്‍ക്ക് കിട്ടാന്‍ കുടിശ്ശികയുണ്ടായിരുന്നു. പ്രവൃത്തികള്‍ സമയബന്ധിതമായി റിവ്യൂ ചെയ്യുന്നതിനും തടസ്സങ്ങള്‍ കണ്ടെത്തുന്നതിനും സാങ്കേതിക നൂലാമാലകള്‍ പരിഹരിക്കുന്നതിനും ഒരു ശ്രമവും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതാണ് ഇത്ര ഭീമമായ കുടിശ്ശിക വരാന്‍ കാരണം. പലതും യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ നിസ്സാരമായി പരിഹരിക്കാവുന്നതുമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
ഫണ്ട് അനുവദിച്ചതായുള്ള പ്രഖ്യാപനത്തോടെ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം തീരുന്നില്ല. അത് ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നും എന്തിനാണോ അനുവദിച്ചത് ആ പദ്ധതി സമയബന്ധിതമായി പൂര്ത്തിയാവുന്നുവെന്നും ഉറപ്പു വരുത്താന്‍ ജനപ്രതിനിധിയുടെ നിരന്തര ഇടപെടലും നിരീക്ഷണവും ആവശ്യമാണ്.
വര്‍ഷങ്ങളുടെ കാലതാമസം കൊണ്ട് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. മാത്രമല്ല അനാവശ്യമായി വൈകുമ്പോള്‍ ചെലവും ഗണ്യമായി വര്‍ദ്ധിക്കും.ഇനിയെന്തായാലും ആ സ്ഥിതി തുടരാന്‍ അനുവദിക്കില്ല. പല പ്രശ്നങ്ങളും അപ്പപ്പോള്‍ ഇടപെട്ടിരുന്നുവെങ്കില്‍ പരിഹരിക്കാവുന്നതായിരുന്നു. ഇനിമുതല്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും അനാവശ്യമായിട്ടുള്ള കാലതാമസമുണ്ടാവില്ലെന്നുറപ്പു വരുത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F4621547671239540&show_text=true&width=500