ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗംകൊണ്ട് ജയിക്കാനാവില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗംകൊണ്ട് ജയിക്കാനാവും. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുകൊണ്ട് വലിയ കാര്യമില്ല.
അതേസമയം, അടുത്ത താവണം മോദി തന്നെ പ്രധാനമന്ത്രി ആകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാവൻഗരെയിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.
മോദിയുടെ പേരുപയോഗിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കാൻ സാധിക്കുമെന്ന ചിന്തയിൽ പ്രവർത്തകർ ഇരിക്കരുതെന്നും അദേഹം നിർദേശിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ടാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനായി കഠിനാധ്വാനം ചെയ്ത് ജയിച്ച് കോൺഗ്രസ് പാർട്ടിയെ പടം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. അടിസ്ഥാനതലത്തില്‍ നിന്നു തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി മോര്‍ച്ചകളെ ശക്തിപ്പെടുത്തി കൂടുതല്‍ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി ഒരു മാസം താന്‍ കര്‍ണാടക മുഴുവന്‍ പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ 140 സീറ്റുകളില്‍ വിജയിക്കാന്‍ നമുക്കാവണം. അതിനായി എം.എല്‍.എമാരും മറ്റു നേതാക്കളും ജനപ്രതിനിധികളും തനിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.