തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയെ യുഡിഎഫ് എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിൽ സിൽവർ ലൈൻ അശാത്രീയമാണെന്നാണ് യുഡിഎഫ് യോഗം വിലയിരുത്തൽ. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പദ്ധതി സുതാര്യമല്ല, ആനുപാതിക ഗുണം ലഭിക്കില്ല. അതിവേഗ പാത കേരളത്തെ രണ്ടായി വിഭജിക്കും. വെള്ളപ്പൊക്കം വന്നാൽ സിൽവർലൈൻ പാത അണക്കെട്ടായി മാറും. ചെലവും ഭൂമി ആവശ്യം കുറഞ്ഞതുമായ ബദൽ പദ്ധതിയാണ് ആവശ്യം.
കേന്ദ്രാനുമതി നേടാതെ എങ്ങനെ ഭൂമി ഏറ്റെടുക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്തിയില്ലെന്നും സതീശൻ ആരോപിച്ചു.
അതേസമയം, അതിവേഗ റെയിലടക്കം വൻകിട പദ്ധതികൾക്ക് യു.ഡി.എഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് നിയമം ലംഘിച്ചാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് യുഡിഎഫ് ബദൽ നിർദേശം മുന്നോട്ട് വെയ്ക്കുമെന്നും വ്യക്തമാക്കി.
കോവിഡ് നഷ്ടപരിഹാരം 50,000 എന്നത് അപര്യാപ്തമാണ്. പ്രായം നോക്കി അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപവരെ നൽകണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് നഷ്ടപരിഹാര തുക നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സാമുദായിക ഐക്യത്തിന് ചർച്ചകൾ തുടരും. സംഘർഷം നീണ്ടു പോകട്ടെയെന്ന് സർക്കാരും സി.പി.എമ്മും ആഗ്രഹിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നടത്തിയ വിഭാഗീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഭിന്നിപ്പ്. സർവകക്ഷി യോഗം വിളിക്കില്ലെന്ന സർക്കാർ നിലപാട് എന്തുകൊണ്ടെന്നറിയില്ല. പ്രശ്ന പരിഹാരത്തിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്നും വി.ഡി സതീശന് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് തോൽവിയും യുഡിഎഫ് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ തോൽവിക്ക് സംഘടനാ ദൗർലഭ്യവും കൊവിഡും തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.