ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. പാക്കിസ്ഥാനിൽനിന്നുമാണ് ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റു.
ആറ് ഭീകരരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഭീകരരിൽ നിന്നും കണ്ടെത്തി.
നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ ബന്ദിപ്പോരയിൽ നാല് ലക്ഷകർ ഭീകരരെ സുരക്ഷാസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജമ്മു കശ്മീർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.