തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി അദാനി ഗ്രൂപ്പ്. 2015-ൽ സ്വപ്ന പദ്ധതി തുടങ്ങുമ്പോൾ ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയ പദ്ധതിക്കാണ് വീണ്ടും സമയം ചോദിച്ചിരിക്കുന്നത്. 2024- വരെ കരാർ നീട്ടി നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചു.
2015-ലെ കരാർ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാർത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോർട്ട്സും സംസ്ഥാന സർക്കാരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ നിർമ്മാണം തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ നാളിതുവരെ സർക്കാരിന് പിഴയൊന്നും കിട്ടിയിട്ടില്ല.
വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സർക്കാർ തലത്തിലെ ഇപ്പോഴത്തെ ആലോചന. കരാറുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളിൽ ആദ്യം അനുരജ്ഞചർച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കിൽ ആർബ്യൂട്രേഷൺ ട്രൈബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച് 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാർ വ്യവസ്ഥകളും സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയിൽ, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. അതിർത്തി മതിൽ നിർമ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാൻ കാരണമായെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നു.