കൊച്ചി: സീ ടിവിയും സോണി പിക്ചർ നെറ്റ്വർക്കും ഒന്നിക്കുന്നു. അതിജീവനത്തിനുള്ള തത്രപ്പാടിലാണ് സീ ടിവി, ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ പിടുത്തംകിട്ടാത്ത അവസ്ഥയിലാണ് സോണി പിക്ചർ നെറ്റ്വർക്ക്. ഈ അവസ്ഥയിലാണ് രണ്ട് കമ്പനിക്കളും ഒന്നിക്കുന്നത്.
രണ്ടു കമ്പനികളും ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയിൽ സി ടിവിക്ക് 47% ഓഹരി പങ്കാളിത്തമുണ്ടാകും. സോണിക്ക് 52.9% പങ്കാളിത്തവും. സീയുടെ ഡയറക്ടർ ബോർഡ് തത്വത്തിൽ ഇടപാടിന് അനുമതി നൽകി. അതോടെ സീ ടിവിയുടെ ഓഹരി വിലയിൽ 25% കുതിപ്പുണ്ടായി. ഇനി വിപണി റഗുലേറ്ററുടെ അനുമതി കൂടി വേണം.
തെലുങ്കു ചാനലായ മാ ടിവി ഏറ്റെടുക്കാൻ സോണി 10 വർഷം മുമ്പു ചർച്ച നടത്തിയതാണ്. സ്റ്റാർ ടിവി അതു തട്ടിക്കൊണ്ടു പോയി. 3 വർഷം മുമ്പ് മറാത്തിയിൽ സോണി ഒരു ചാനൽ അവതരിപ്പിച്ചു. അങ്ങനെ ഇന്ത്യയിലെ ഭാഷാവിപണികളിൽ ചെറിയ സാന്നിദ്ധ്യം മാത്രമുണ്ടായിരുന്ന സോണിക്ക് എല്ലാം കൂടി ഒരുമിച്ചു കിട്ടുംപോലാണ് സീയുടെ ഏറ്റെടുക്കൽ. കാരണം സി ടിവിക്ക് ഹിന്ദി ഉൾപ്പടെ നിരവധി ഭാഷകളിൽ ശക്തമായ ചാനലുകളുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിലും മറാത്തിയിലും ബംഗാളിയിലും ഉൾപ്പെടെ ഉണ്ട്. എല്ലായിടത്തും സി ടിവിയുടെ ചാനൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ആണ്. എല്ലാം ചേർത്ത് സിടിവിക്ക് 49 ചാനലുകളും സിടിവിക്ക് 26 ചാനലുകളുമുണ്ട്.
പുതിയ സംയുക്ത കമ്പനിയുടെ എംഡിയും സിഇഒയുമായി പുനീത് ഗോയങ്ക നിയമിതനായി. സംയുക്ത കമ്പനി ഇന്ത്യൻ ടിവി വിനോദ രംഗത്തെ അതികായനായി മാറുമെന്നാണു വിലയിരുത്തൽ. നെറ്റ്ഫ്ളിക്സും ഡിസ്നിയുമായി മൽസരിക്കാനുള്ള മസിൽ ഈ കമ്പനിക്കുണ്ടാവും. സോണി മാക്സ്, സോണി ലൈവ്, സീ5, സീടിവി പോലുള്ള ചാനലുകളുള്ള പുതിയ കമ്പനിക്ക് ഇന്ത്യൻ വിപണിയുടെ 50% ഇപ്പോൾ തന്നെയുണ്ട്. ഇന്ത്യയിലെ ആകെ ടിവി കാഴ്ചക്കാരുടെ 26% പുതിയ കമ്പനിക്കുണ്ട്. സീ ടിവിയുടെ വിപണിമൂല്യം 450 കോടി ഡോളറായി ഉയരുകയും ചെയ്തു.
ജപ്പാനിലെ സോണി ഗ്രൂപ്പിൻ്റെ ഭാഗമായ സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യ (എസ്പിഎൻഐ) പുതിയ കമ്പനിയുടെ പരിപാടികൾക്കായി 150 കോടി ഡോളർ (11,000 കോടി രൂപ) മുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടിവി ചാനലുകളിൽ ഒന്നാന്തരം സീരിയലുകളും സിനിമകളും ഹോളിവുഡ് നിലവാരത്തിൽ അവതരിക്കാൻ പോകുന്നതിൻ്റെ തുടക്കംകുടിയാണിത്.