ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. പോയിൻ്റ് ടേബിളിൽ മുംബൈ നാലാമതും കൊൽക്കത്ത ആറാമതുമാണ്. മുംബൈക്ക് വിജയവഴിയിലേക്ക് തിരികെയെത്തുക എന്നതാണ് പ്രധാനം. അതേസമയം, ജയം തുടരാനാവും കൊൽക്കത്തയുടെ ശ്രമം.
ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ഹർദ്ദിക് പാണ്ഡ്യയും രോഹിത് ശർമ്മയും ഇന്ന് കളിക്കുമോ എന്നതാണ് മുംബൈയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ചോദ്യം. ഇതുവരെ അതേപ്പറ്റി ഒരു ഉറപ്പ് നൽകാൻ മാനേജ്മെൻ്റ് തയ്യാറായിട്ടില്ല. ഹർദ്ദിക് പാണ്ഡ്യ ടീമിലെത്തിയാൽ കഴിഞ്ഞ മത്സരത്തിലെ ടോപ്പ് സ്കോറർ ആയ സൗരഭ് തിവാരി പുറത്തിരിക്കേണ്ടിവരും. ആദം മിൽനെ, ജസ്പ്രീത് ബുംറ, ട്രെൻ്റ് ബോൾട്ട് എന്നീ പേസ് ത്രയം ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയതുകൊണ്ട് തന്നെ ഹർദ്ദിക് ടീമിലെത്തിയാൽ കൃണാൽ പാണ്ഡ്യക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ആർസിബിക്കെതിരെ തകർപ്പൻ ജയം കുറിച്ച ടീമിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാറ്റം വരുത്തിയേക്കില്ല. രണ്ടാം പാദത്തിൽ സർപ്രൈസ് പാക്കേജായി എത്തി മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ച വെങ്കിടേഷ് അയ്യരും തകർപ്പൻ ഫോമിലുള്ള ശുഭ്മൻ ഗില്ലും കൊൽക്കത്തയുടെ ബാറ്റിംഗിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഇതുവരെ പരീക്ഷിക്കപ്പെടാത്ത മധ്യനിരയുടെ പ്രകടനം എന്താവുമെന്ന് കണ്ടറിയേണ്ടതാണ്. ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.