സംസ്ഥാനത്ത് ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം ലഭിച്ചിട്ടില്ല. 43,010 വിദ്യാർഥികളിൽ പകുതിയലധികം പേരും സീറ്റ് കിട്ടാതെ പുറത്താണ്. ആകെയുള്ള മെറിറ്റ് സീറ്റുകൾ 24,345. ഒക്ടോബറിൽ നടക്കുന്ന രണ്ടാം അലോട്ട്മെൻറിലേക്ക് ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ 4249.
സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡിലെ കമ്യൂണിറ്റി, മാനേജ്മെൻറ് സീറ്റുകൾ ഒഴികെയുള്ളതുമാണ് മെറിറ്റ് സീറ്റുകളായി കണക്കാക്കുന്നത്. ആനുപാതിക വർധനയിലൂടെ വരുത്തിയ സീറ്റുകൾ ഉൾപ്പെടുത്തിയാണ് ബുധനാഴ്ച അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ ആകെ 28,267 പ്ലസ് വൺ സീറ്റുകളാണുള്ളത്. 20 ശതമാനം ആനുപാതിക വർധനയിലൂടെ 4830 സീറ്റുകളാണ് സർക്കാർ കൂട്ടിയത്. ഇതുപ്രകാരം നിലവിൽ 33,097 സീറ്റുകളുണ്ട്.
24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം.വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. ജില്ലയിൽ 25 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 69 ബാച്ചുകളിലായി 2070 സീറ്റുണ്ട്. അത് ഒഴിച്ചുനിർത്തിയാലും എട്ടായിരത്തോളം കുട്ടികൾ ക്ലാസ്മുറിക്ക് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.35 ശതമാനം കുട്ടികളാണ് ജില്ലയിൽ വിജയിച്ചത്.