ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കുന്നതിനായി ആമസോൺ ‘ഗ്രേറ്റ് ഇന്ത്യൻ മൊബൈൽ സർവേ’ നടത്തി. ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലും പട്ടണങ്ങളിൽ നിന്നുള്ളവരാണ് ആമസോൺ സർവേയിൽ പങ്കെടുത്തത്. 2021 സെപ്റ്റംബറിൽ ആമസോൺ.ഇൻ വെബ്സൈറ്റിലെ മൊബൈൽ കാറ്റഗറി പേജിലൂടെ നടത്തിയ സർവേയിൽ പതിനായിരത്തിലധികം ഉപഭോക്താക്കൾ പങ്കെടുത്തു.
ഗ്രേറ്റ് ഇന്ത്യൻ മൊബൈൽ സർവേയുടെ കണ്ടെത്തലുകൾ പ്രകാരം 37 ശതമാനം പേരും 15,000 രൂപ മുതൽ 25,000 രൂപ വരെയുള്ള മിഡ് റേഞ്ച് സ്മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഉത്സവ സീസണിൽ ഏറ്റവും ആവശ്യക്കാരുള്ളതും മിതമായ വിലയിലുള്ള ഹാൻഡ്സെറ്റുകളാണ്. സാംസങ്, ഷഓമി, വൺപ്ലസ് എന്നിവയാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്മാർട് ഫോൺ ബ്രാൻഡുകൾ. സർവേയോട് പ്രതികരിച്ചവരിൽ 24 ശതമാനത്തിലധികം പേർ സാംസങ് മൊബൈൽ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. തൊട്ടുപിന്നാലെ ഷഓമിയും വൺപ്ലസുമാണ്.
റെഡ്മി നോട്ട് 10 സീരീസ്, വൺപ്ലസ് നോർഡ് സീരീസ് (നോർഡ് 2, നോർഡ് സിഇ), വൺപ്ലസ് 9 സീരീസ്, സാംസങ് എം 21, മറ്റ് ഗാലക്സി എം സീരീസ് ഫോണുകൾ എന്നിവയാണ് വാങ്ങാൻ ആഗ്രഹിക്കുന്ന പ്രധാന മോഡലുകൾ. പ്രകടനം, ക്യാമറ, ബാറ്ററി ശേഷി, ഡിസ്പ്ലേ നിലവാരം എന്നിവയാണ് ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങൾ നിർണയിക്കുന്ന പ്രധാന സവിശേഷതകൾ.
സർവേയോട് പ്രതികരിച്ചവരിൽ 54 ശതമാനത്തിലധികം പേരും 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. കൂടാതെ വലിയ ബാറ്ററി ഫോണുകളുടെ ഡിമാൻഡും ശക്തമാണ്. 46 ശതമാനം പേരും 5000mAh – 6000mAh ബാറ്ററിയുള്ള ഫോണുകളാണ് ഇഷ്ടപ്പെടുന്നത് .
31 ശതമാനത്തിലധികം പേർ ബാങ്ക് ഡിസ്കൗണ്ടിൽ ഫോണുകൾ വാങ്ങാൻ കാത്തിരിക്കുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു. ഈ ഉത്സവ സീസണിൽ അധിക എക്സ്ചേഞ്ച് ബോണസ് ഓഫറുകൾ കാത്തിരിക്കുന്നവരും കുറവല്ല. പ്രതികരിച്ചവരിൽ 21 ശതമാനത്തിലധികം പേരും മികച്ച എക്സ്ചേഞ്ച് ഓഫറുകൾ തേടുന്നവരാണ്. 20 ശതമാനം പേരും നോ കോസ്റ്റ് ഇഎംഐ പ്രയോജനപ്പെടുത്താനും ആഗ്രഹിക്കുന്നവരാണ്.