തൃശൂര്‍: പേടിഎം ആപ്പിന്റെ മറവിൽ തട്ടിപ്പ് നടന്നതായി പരാതി. പാലക്കാട് സ്വദേശി സുമിതാണ് തട്ടിപ്പിനിരയായത്. സുമിത്തിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയാണ് നഷ്ടമായത്. ഫാസ് ടാഗ് റീ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടപെട്ടത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സുമിത് പാലിയേക്കര ടോൾ പ്ലാസയിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ഫാസ് ടാഗിൽ പണം ഇല്ലെന്ന് അറിയുന്നത്. ഉടൻ പേടിഎം ആപ് വഴി റീചാർജ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. പകരം മൊബൈൽ ഫോൺ നമ്പർ ചോദിച്ച് ഒരു സന്ദേശമാണ് വന്നത്. പണം പോയതോടെ സൈബർ പോലീസിൽ പരാതി നൽകി. പണം പോയിരിക്കുന്നത് ജാർഖണ്ഡിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേടിഎം കമ്പനിക്കും സുമിത് പരാതി നൽകിയിട്ടുണ്ട്.