സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 8 വിക്കറ്റിന് തകര്‍ത്ത് ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. പുറത്താവാതെ 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 ഉം ഋഷഭ് പന്ത് 35ഉം റൺസെടുത്തു. മികച്ച പ്രകടനം പുറത്തെടുത്ത ഡല്‍ഹി ബൗളര്‍മാരും ഈ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി.
സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഒന്‍പതിന് 134. ഡല്‍ഹി 17.5 ഓവറില്‍ രണ്ടിന് 139.
ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ ഒരു വിജയം മാത്രം കൈമുതലായുള്ള സണ്‍റൈസേഴ്സ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ ഫോം വീണ്ടെടുത്തത് ഡല്‍ഹിയ്ക്ക് ആശ്വാസം പകര്‍ന്നു. 2021 ഐ.പി.എല്ലിലെ ശ്രേയസ്സിന്റെ ആദ്യ മത്സരം കൂടിയാണിത്. പരിക്കുമൂലം താരത്തിന് കഴിഞ്ഞ എട്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും ശ്രേയാസ് അയ്യരും ചേർന്ന് 52 റൺസിന്റെ കൂട്ടുകെട്ടുയർത്തി. അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ പുറത്താക്കി റാഷിദ് ഖാന് സണ്‍റൈസേഴ്സിന് ആശ്വാസം പകര്‍ന്നു. 37 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്ത ധവാനെ അബ്ദുള്‍ സമദ് ക്യാച്ചെടുത്ത് പുറത്താക്കി.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഋഷഭ് പന്ത് മുന്‍ ക്യാപ്റ്റൻ ശ്രേയാസ് അയ്യരുമായി ചേർന്ന് ഡൽഹിയെ അനായാസം വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി. സൺറൈസേഴ്സിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 28 റൺസ് നേടിയ അബ്ദുൽ സമദ് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ.
ഡല്‍ഹിയ്ക്ക് വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ക്കെ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.