ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്ന് അമരീന്ദര്‍ വിമർശിച്ചു..
രാഹുലിനെയും പ്രിയങ്കയെയും ഉപദേശകർ വഴി തെറ്റിക്കുകയാണ്. ഇരുവരും തനിക്ക് കുട്ടികളെപ്പോലെയാണ്. ഒന്നും ഇങ്ങനെ അവസാനിക്കാൻ പാടില്ലായിരുന്നു. തനിക്ക് ഏറെ വേദനയുണ്ടെന്നും അമരീന്ദർ പറഞ്ഞു.
മൂന്നാഴ്ച മുൻപേ സോണിയ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പദവിയിൽ തുടരാൻ സോണിയ നിർദേശിച്ചു. ഒടുവിൽ അപമാനിച്ച് തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഭീഷണിയായ സിദ്ദുവിനെതിരേ ഏതറ്റംവരെയും പോകുമെന്നും അമരീന്ദർ വ്യക്തമാക്കി. സിദ്ദു വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് ഉറപ്പാക്കും. തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
സിദ്ദു അധികാരത്തിലെത്തുന്നത് രാജ്യത്തിന് തന്നെ അപകടമാണ്. സിദ്ദുവിന് പാകിസ്ഥാനുമായി വ്യക്തമായി ബന്ധമുണ്ട്. അത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. പാക് പ്രധാനമന്ത്രിയായ ഇമ്രാന് ഖാന്റെയും പാക് ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും സുഹൃത്താണ് സിദ്ദുവെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.
താനൊരു സൈനികനാണ് ഒരിക്കല്‍ തന്നെയേല്പ്പിച്ച ജോലി എങ്ങനെ ചെയ്യണമെന്ന് അറിയാം. തന്നെ തിരികെ വിളിച്ചാല്‍ അവിടേക്ക് പോകാമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.