ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
ഇതിനകം സംഭവിച്ച മരണങ്ങൾക്ക് മാത്രമല്ല, ഇനിയുണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും നഷ്ടപരിഹാരം നൽകും. ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണം. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് മരണങ്ങള്‍ക്കും ഈ മാര്‍ഗരേഖ പ്രകാരം നഷ്ടപരിഹാരം നല്‍കും
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്.