തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷിത സ്കൂള്‍ യാത്രയ്ക്ക് സര്‍ക്കാര്‍ മാര്‍ഗരേഖ. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ ബസുകൾ പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാഹനങ്ങളിൽ കരുതണമെന്നും മന്ത്രി നിർദേശിച്ചു.
സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തും. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്സിന് എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ഒക്ടോബര്‍ 20-ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം.
അതേസമയം സംസ്ഥാനത്ത് പ്ലസ് വൺ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് (Allotment) പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം കിട്ടിയില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേർക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.
കൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്.