സുന്ദരം ധനുവച്ചപുരത്തിന്‍റെ നിര്യാണത്തില്‍ എം രാജീവ് കുമാർ എഴുതിയ സ്മരണ കുറിപ്പ്:
ഇന്ന് വെളുപ്പിന് (22/9/2021 )2.45 ന് ഐ. സുന്ദരൻപിള്ള എന്ന സുന്ദരം ധനുവച്ചപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചു.
30 വർഷം വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ബി.എയ്ക്കും. എം.എ യ്ക്കും എന്റെ അധ്യാപകനായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗത്തിൽ എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ പിന്നെയും അദ്ധ്യാപകരുണ്ടായിരുന്നു. അധ്യപകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ മറക്കാനാവില്ല. പ്രാചീന കൃതികളിലേക്കും വ്യാകരണത്തിലേക്കുമുള്ള താക്കോൽ തന്നത് അദ്ദേഹമാണ്. രാമചരിതമാണ് പഠിപ്പിച്ചത്. അച്ചീചരിതങ്ങളും.
തമിഴും മലയാളവും കലർന്ന രാമചരിതത്തിലെ യുദ്ധകാണ്ഡത്തിലെ ശ്ലോകങ്ങൾ എനിക്ക് കാണാപ്പാഠമാണ്. കണ്ണടച്ചിരുന്നാൽ സുന്ദരം ധനുവച്ചപുരത്തിന്റെ ക്ലാസ്സ് എനിക്ക് കേൾക്കാം. തെറിച്ചു തെറിച്ചുള്ള തമിഴും മലയാണ്മയും ചേർന്നുള്ള രാമചരിതം. അദ്ദേഹം എന്ത് വ്യക്തമായിട്ടാണ് ചൊല്ലുന്നത്. ചില കുറുക്കലും നീട്ടലും ആ ചൊല്ലലിലുണ്ട്.
തലയുടെ മദ്ധ്യഭാഗത്ത് വകുപ്പെടുത്ത് വെൺമയുള്ള പല്ലുകൾ വെളുക്കെ കാട്ടി നർമ്മത്തോടെ ചിരിച്ചിരുന്ന സുന്ദരം ധനുവച്ചപുരം. മുറിക്കയ്യൻ ഉടുപ്പും ധ്വന്യാർത്ഥമുള്ള നർമ്മത്തിൽ കലർന്ന സംഭാഷണവും.
അദ്ദേഹം ഒരു കവിയാണെന്ന് അറിയുന്നത് 1975 ൽ പുറത്തിറങ്ങിയ കാവ്യസമാഹാരത്തിലെ ഒരു കവിതയിൽ നിന്നാണ്. പഴവിള രമേശൻ എൻ. രമേശനായിട്ടാണ് ആ സമാഹാരത്തിൽ വരുന്നത്. കവിയരങ്ങുകളിൽ സുന്ദരം ധനുവച്ചപുരത്തെ 1977 നു ശേഷം അങ്ങനെ കാണാറില്ല. ഞങ്ങളെ പഠിപ്പിച്ചിരുന്ന 1976-81 കാലത്ത് അദ്ദേഹം കവിത എഴുതിയിരുന്നില്ല. കവിയരങ്ങിന് വിളിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറും.
1966 ലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറക്കുന്നത് കന്നിപ്പൂക്കൾ ! തിരുനല്ലൂർ കരുണാകരന്റെ അവതാരിക. “ലജ്ജാശീലനായി വിനയപൂർവ്വം ഒതുങ്ങി നിൽക്കുന്ന കവി”യായിട്ടാണ് തിരുനല്ലൂർ സുന്ദരത്തെ അവതാരികയുടെ ഒടുവിൽ നിരീക്ഷിക്കുന്നത്.
1955 മുതലാണ് കവിത എഴുതിത്തുടങ്ങുന്നത്. ഇന്റർമീഡിയറ്റ് കോളേജിൽ പഠിക്കുന്ന കാലം. അദ്ധ്യാത്മരാമായണം ബാല കാണ്ഡം ഘനഗംഭീരമായ സ്വരത്തിൽ തിരുനല്ലൂർ പഠിപ്പിക്കുന്ന ക്ലാസ്സിൽ മൂക്കും കുത്തി വീണതാണ് ആ ധനുവച്ചപുരത്തുകാരൻ. അന്നേ തിരുനല്ലൂരിനെ കാവ്യ ഗുരുവായി സ്വീകരിച്ചു തീരുനല്ലൂരിന്റെ ക്ലാസ്സിലിരുന്ന് കവിത കേട്ട് അദ്ദേഹം പുളകം കൊണ്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയും തിരുനല്ലൂർ തന്നെ.
1957 ഒക്ടോബറിൽ കെ.ബാലകൃഷ്ണന്റെ “കൗമുദി ” യിൽ കവിത എഴുതിയാണ് തുടക്കം കുറിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ ഒ.എൻ.വിയും അദ്ധ്യാപകനായി എത്തി. കലാകൗമുദി പത്രാധിപരായിരുന്ന എം.എസ്. മണിയും കൂടെപ്പഠിച്ചതാണ്. ഒരു ദിവസം അച്ഛനെ കാണിക്കാൻ എം.എസ്. മണി സുന്ദരത്തെയും കൂട്ടി പത്രാധിപരുടെ സന്നിധിയിലെത്തി. കെ.സുകുമാരൻ അന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ചതാണ്. അന്നൊക്കെ കേരള കൗമുദിയിൽ സ്ഥിരമായി കവിതകൾ എഴുതുമായിരുന്നു.
ഐസക്കിന്റെ പതിനൊന്ന് മക്കളിൽ നാലാമനാണ് ഐ. സുന്ദരം പിള്ള. കൊച്ചിലേ നല്ല നിറമുള്ളതുകൊണ്ട് സുന്ദരം പിള്ള എന്ന് പേരു കൊടുത്തു .അഛൻഹെഡ് മാസ്റ്ററായിരുന്നു. മകൻ എം.എ. ഉയർന്ന നിലയിൽ പാസ്സായപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. നേരെ ആർ.ശങ്കറിനെ ചെന്നു കണ്ടു. പിറ്റേന്നാൾ ഉത്തരവായി, അങ്ങനെ കോളേജ് അദ്ധ്യാപകനായി.
സുന്ദരം ധനുവച്ചപുരം, പഠിച്ച അതേ കോളേജിൽ അധ്യാപകനായപ്പോൾ 12 കൊല്ലം ഒ.എൻ.വിക്കരികിൽ കസേരയിട്ടാണ് ഇരുന്നത്.
രണ്ടാമത്തെ കാവ്യസമാഹാരം “ഗ്രീഷ്മം ” 1976 ൽ പുറത്തിറക്കുമ്പോൾ ഒ.എൻ.വിയായിരുന്നു അവതാരിക. ഈ സമാഹാരത്തിലാണ് “കാക്ക” എന്ന പ്രസിദ്ധമായ കവിതയുള്ളത്.
“എങ്ങനെ ഞാനീ ഞെങ്ങി ഞെരുങ്ങും തെരുവിന്നഗ്നി സമുദ്രത്തിലെ ബുദ്ബുദമായ്?
എങ്ങനെ ഞാനീ ച്ചുടുലാവ വമിക്കും
ശ്ലഥചിന്തയെയുണ്ടു കിടക്കുന്നു ?
1975 ൽ “സാഹിത്യ ലോക “ത്തിൽ വന്ന ഈ കവിത അക്കാലത്ത് കേരള സാഹിത്യ അക്കാഡമി തിരുവനന്തരത്ത് സംഘടിപ്പിച്ച കവിയരങ്ങിൽ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നു. പരോക്ഷമായി അടിയന്തരാവസ്ഥയുമായി ബന്ധിപ്പിച്ചെഴുതിയ കവിതയാണ്. അതുകൊണ്ടാവണം “താമരത്തൊപ്പി “എഴുതിയ ഉറൂബ് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. 1968 ൽ ജനയുഗത്തിൽ അച്ചടിച്ചു വന്ന “അഭിവന്ദ്യനാം ഗുരുനാഥൻ ” എന്ന കവിതക്കും ബ്രണ്ണൻ കോളേജിൽ അദ്ധ്യാപനായിരുന്ന കാലത്തും ഇടശ്ശേരിയും കുഞ്ഞുണ്ണിയും തായാട്ടു ശങ്കരനും പ്രശംസ ചൊരിഞ്ഞിട്ടുണ്ട്.
ആദ്യത്തെ സമാഹാരത്തിനും രണ്ടാമത്തെ സമാഹാരത്തിനും തമ്മിലുള്ള ഇടവേള 10 കൊല്ലമായിരുന്നു മൂന്നാമത്തെ പുസ്തകം വരുന്നത് 32 കൊല്ലം കഴിഞ്ഞ് . 2008 ൽ “ഇനിയും ബാക്കിയുണ്ട് ദിനങ്ങൾ ” 30 വർഷം അദ്ധ്യാപകനായിരുന്ന് ഒടുവിൽ പ്രിൻസിപ്പലായി 1993 ൽ വിരമിച്ചു കഴിഞ്ഞ് പിന്നെയും 15കൊല്ലം കഴിഞ്ഞ്. 70-ാം വയസ്സിൽ. ആ കാവ്യസമാഹാരത്തിന് പഴവിള രമേശനാണ് അവതാരിക. കാവ്യ ശീർഷകം പോലെ ഇനിയും സമയമുണ്ട്. ശരിയാണ് പിന്നെ കൊണ്ടു പിടിച്ചെഴുത്തായിരുന്നു.
2010 ൽ കെ.എ. വാസുക്കുട്ടന്റെ അവതാരികയോടെ “പുനർജനി ” പ്രസിദ്ധപ്പെട്ടുത്തി. പിന്നീടാണ് പി.രവികുമാറിന്റെ അവതാരികയോടെ “ട്വിൻസ് ” പുറത്തിറങ്ങുന്നത്.
“നമ്മുടെ ഇന്ദിയങ്ങളിലൂടെ സംക്രമിച്ച് ബോധത്തിന്റെ വാതിലുകൾ പൊടുന്നനെ തുറന്ന് അസ്തിത്വത്തിന്റെ നിഗൂഢ രഹസ്യങ്ങളിൽ സ്പർശിക്കുന്നു. ” എന്ന പി.രവി കുമാറിന്റെ അഭിപ്രായമാണ് സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകൾ മൊത്തത്തിൽ ഏകുന്ന അനുഭൂതി. ഒരുക്കി വച്ചൊരു നർമ്മത്തിന്റെ അടിയൊഴുക്ക് വ്യർഥമെന്നു ധ്വനിപ്പിക്കുന്ന മട്ടിലുണ്ടുതാനും.
2017 ൽ “കൃഷ്ണകൃപാസാഗരം” എന്നൊരു കാവ്യസമാഹാരവും പുറത്തിറങ്ങി. 2018 ൽ “സുന്ദരം ധനുവച്ചപുരത്തിന്റെ കവിതകൾ ” എന്ന പേരിൽ ഭട്ടതിരിയുടെ ചിത്രങ്ങളോടെ 430 പുറങ്ങളിൽ ഡീലക്സ് ബയന്റിട്ട് ഒരു കാവ്യ സമാഹാരം പ്രഭാത് പുറത്തിറക്കിയിട്ടുണ്ട്.
” ഇഴുകിയുലയുന്ന വെള്ളി നീരാളം ചാർത്തി / യൊഴുകിയണയുന്നൊരാതിരപ്പൂന്തിങ്കൾ പോൽ / നീ വന്നു ചിരി തൂവി നിന്നെന്റെ മുന്നിൽ മുല്ല / പ്പൂവുകൾ മദം പെയ്തു നിന്നൊരാ മലർക്കാവിൽ !”
സാമൂഹ്യ പരിഹാസം കൊണ്ട് പല കവിതകളും മുഖരിതമാണ്. ” ക്രിസ്തു തിരിച്ചുവരില്ല ” എന്ന കവിതയിലെഴുതുന്നു:
“കാലിത്തൊഴുത്തും കുരിശും നിറയുന്ന/കാലഘട്ടങ്ങളിൽ ജൂദാസ് ജനിക്കുന്നു / ജൂദാസ് ജനിക്കുന്നു ജൂദാസ്മരിക്കുന്നു / ജൂദാസു വീണ്ടുമുയിർത്തെഴുന്നേൽക്കുന്നു. “
ഭാര്യ ആരോഗ്യ വകുപ്പിൽ അസി.ഡയറക്ടറായിരുന്നു. ഡോ.കെ.എസ്. അമ്മുക്കുട്ടി. പത്തിരുപത് വർഷത്തിന് മുമ്പേ കോമയിൽ കിടപ്പായി ജീവിതത്തിൽ നിന്ന് വിടവാങ്ങി. വിരമിച്ചതിനുശേഷമുള്ള കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലാണ് 9 കാവ്യ പരിഭാഷകളും 6 പഠന വ്യാഖ്യാനങ്ങളും ആകെയുള്ള 6 കാവ്യ കാവ്യസമാഹാരങ്ങളിൽ നാലും പ്രസിദ്ധപ്പെടുത്തുന്നത്. ഭാര്യയുടെ വിയോഗത്തെ തുടർന്നുണ്ടായ ഏകാന്തതയുടെ കാലത്ത് എഴുത്തായിരുന്നു അഭയം.രണ്ട് ആൺ മക്കളുണ്ട്. രാജേഷും രതീഷും. അദ്ദേഹത്തിന്റെ ള്ളയ സഹോദരി വി.കെ.ശാന്തകുമാരി സെക്രട്ടേറിയറ്റിൽ അഡിഷണൽ സെക്രട്ടറിയായി വിരമിച്ചശേഷം കഥയെഴുത്ത് തകൃതിയായി നടത്തുന്നുണ്ട്.
കവിതകളേക്കാൾ സുന്ദരം ധനുവച്ചപുരത്തിന്റെ വിവർത്തനങ്ങളും പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് നമ്മെ അമ്പരപ്പിക്കുന്നത്.
ആദ്യകാല മലയാള കൃതികളിലൊന്നാണ് “വൈശികതന്ത്രം ” . കൊച്ചു മകളുടെ കാതിൽ എങ്ങനെ നല്ല വേശ്യയാകാമെന്ന് മുത്തശ്ശി പറഞ്ഞു കൊടുക്കുന്ന ആദ്യ കാല മലയാള കൃതി. സദാചാര പോലീസ്ചമയുന്ന മലയാളികൾ ഇതൊന്നു വായിക്കണം. സുന്ദരം ധനുവച്ചപുരമാണ് ഈ കാവ്യത്തിന്റെ പഠന വ്യാഖ്യാനം നിർവ്വഹിച്ചിരിക്കുന്നത്. മഹിളാ ളികൾ ഈ കൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാഥ നടത്തുമോ ആവോ ? ദേവദാസികളെപ്പറ്റിയുള്ള “ഉണ്ണിയാടീചരിത”വും, ഉണ്ണിച്ചിരുതേവീചരിതവും അദ്ദേഹം വ്യാഖ്യാനം നിർവ്വഹിച്ചിട്ടുണ്ട്. മേൽപ്പത്തൂരിന്റെ നാരായണീയം, നാരായണീയം ദശക സംഗ്രഹം എന്നീ കൃതികൾ പഠിതാക്കൾക്ക് പ്രിയതരമാകും.
മലയാളവ്യാകരണത്തെ എളിമയോടെ പൊളിച്ചെഴുതുന്നൊരു കൃതിയാണ് “കേരള പാണിനീയം വ്യാഖ്യാനവും വിചിന്തനവും ” ആരും അങ്ങനെ കേറി തൊടാത്ത വ്യാകരണത്തിന്റെ ബൈബിളിൽ കേറി കുരിശ് കുലുക്കുകയാണ് കവി. ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രിയതരമായ കൃതിയാണ്.
വൃത്തമഞ്ജരിയും ഭാഷാഭൂഷണവും അദ്ദേഹത്തിന് കളിപ്പാട്ടങ്ങളാണ്.
പരിഭാഷകൻ എന്ന നിലയിൽ പുതിയ കാലത്ത് ഇത്രയധികം കനത്ത കൃതികൾ വൃത്തത്തിൽ പരിഭാഷ നിർവ്വഹിച്ചവർ വിരളമാണ്. കല്യാണമല്ലന്റെ “അനംഗരംഗം” വിദ്യാപതിയുടെ “പ്രേമഗീതങ്ങൾ ” എന്നിവ നമ്മുടെ സദാചാര കമ്മറ്റി വായിക്കേണ്ടതാണ്. പതിനഞ്ചാം ശതകത്തിൽ അഹമ്മദ് ഖാൻ ലോധിയുടെ പുത്രൻ ലാഥ ഖാന്റെ ബഹുമാനാർഥം കല്യാണമല്ലൻ എഴുതിയ കാമശാസ്ത്രകൃതിയാണ് “അനംഗരംഗം” അത് വായിച്ചാൽ രതി നിപുണന്മാരുടെ ഇന്ത്യൻ സംസ്ക്കാരമെന്തെന്ന് മനസ്സിലാവും.
ബില്ഹണ കവിയുടെ “ചൗര പഞ്ചാശിക ” ( സുരത പഞ്ചാശിക) വായിച്ചില്ലെങ്കിൽ തപ്പിപ്പിടിച്ച് ഇന്ന് തന്നെ വായിക്കണം. പതിനൊന്നാം നൂറ്റാണ്ടിലെ കൃതിയാണ്. വിക്രമാദിത്യന്റെ കൊട്ടാരത്തിലെ ഒരു രാജകുമാരിയും ചോരനും തമ്മിലുള്ള സംഭോഗശൃംഗാരത്തിന്റെ സ്മരണയാണ് 50 ശ്ലോകങ്ങളിൽ വർണ്ണിക്കുന്നത്. ഒടുവിൽ ആ കള്ളനു തന്നെ രാജാവ് മകളെ കെട്ടിച്ചു കൊടുത്തു… ആ സുരത വർണ്ണ വായിച്ച് കോൾമയിർ കൊണ്ടിട്ട്. അത് കഥ വേറെ.
ഭർത്തൃഹരിയുടെ “ശതകത്രയം” മീരയുടെ ” ഭക്തി ഗീതങ്ങൾ, ” ടാഗോറിന്റെ ഗീതാഞ്ജലി , ടാഗോറിന്റെ കവിതകൾ , ടാഗോറിന്റെ ഉദ്യാനപാലകൻ…. ഇത്രയുംപുറത്തു വന്നവ. ഇനിയും വരാനുണ്ട്. നിൽക്കാനും കിടക്കാനും നടക്കാനും വയ്യാത്ത അവസ്ഥയിലും വാശിയോടെ ഇടക്ക് വന്ന സർഗ്ഗാത്മകമായ വിടവ് നികത്താൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആയിരം പൂർണ ചന്ദ്രൻമാരെ കാണാൻ ഇനി മാസങ്ങൾ മാത്രമേ യുണ്ടായിരുന്നുളളൂ. ഞാനാലോചിക്കുകയാണ്. ഒന്നും അരമുറിയും കൃതികളെഴുതിയവന്മാരുടെയൊക്കെ പേരുംപടവും ജീവചരിത്രവും കൊണ്ട് നിറച്ച കേരള സാഹിത്യ അക്കാഡമിയുടെ എഴുത്തുകാര ഡയറക്ടറിയിൽ പോലും അദ്ദേഹം ഉൾപ്പെട്ടിട്ടില്ലല്ലോ എന്ന്.
ബയോഡേറ്റയും എഴുതി അക്കാഡമിയിൽ കൊണ്ടു കൊടുക്കാൻ തീരെ താൽപര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിന്നല്ലേ സമഗ്ര സംഭാവനക്ക് അക്കാഡമി ഒരു അവാർഡ് നൽകുന്നത്.! പുക്കാസ്സയുടെ ലിസ്റ്റിലുള്ള വർക്കുതന്നെ കൊടുത്തു തീർത്തിട്ടില്ല. സിന്ദാബാദ് വിളിച്ചവരും ലഘുലേഖ എഴുതിയവരും. പടം തൂക്കിയവരുമൊക്കെ ക്യൂനിൽക്കുകയാണ്. യു.ഡി.എഫിന്റെ കാലത്താണെങ്കിൽ ഒരു ഷാളും വാങ്ങിച്ചോണ്ടു ചെന്നിരുന്നെങ്കിൽ എം.പി.അപ്പനെ കെ.പി. അപ്പനായി ആദരിച്ചേനേ. ഇനി ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സി.വി.രാമനെ സി.വി.രാമൻ പിള്ളയാക്കിയ സാഹിത്യ പാരമ്പര്യമല്ലേ അവർക്ക്!
ആകാശവാണിയിൽ നിന്നിറങ്ങുന്നതിനു മുമ്പ് 2014ലും 15 ലും ദേശീയ കവിസമ്മേളനത്തിന് കവിത അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് തർജമ ചെയ്തു വാങ്ങുമായിരുന്നു. ഒഴിഞ്ഞു മാറിയാലും അള്ളു വച്ചു പിടിക്കും. അന്നേ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്.
ഞാൻ അദ്ദേഹത്തിൽ കണ്ട വലിയൊരു മാറ്റം ,പഴയ മടി മാറിയിരിക്കുന്നു. എഴുത്ത് വേഗത്തിലാവുന്നു. പഠിപ്പിക്കുന്ന കാലത്ത് കവിതയെഴുതാതെ മറ്റുള്ളവരുടെ കവിതകളെപ്പറ്റി വാതോരാതെ സംസാരിക്കുമായിരുന്നു അദ്ദേഹം. സ്വന്തം കവിതയെപ്പറ്റി ഒരക്ഷരം എന്നോട് സംസാരിച്ചിട്ടില്ല.
അന്നും ഇന്നും!
ആ വിയോഗത്തിന് നിത്യ ശാന്തി നേരുന്നു.