ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ ലോകത്തെ അഭിസംബോധന ചെയ്യാന്‍ താലിബാന് അനുമതി തേടി. ദോഹ ഘടകം വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാൻ്റെ യുഎന്‍ അംബാസഡറായി പ്രഖ്യാപിച്ചു.
താലിബാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്താഖിയാണ് തങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കത്തയച്ചത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ,യുഎന്‍ ഉള്‍പ്പെടെയുള്ളവ തങ്ങളുമായി സഹകരിക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താലിബാന് പറഞ്ഞിരുന്നു. കത്ത് കിട്ടിയ വിവരം യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
താലിബാൻ്റെ ആവശ്യം അമേരിക്ക, റഷ്യ,ചൈന എന്നിവരുള്‍പ്പെടുന്ന ഒന്‍പതംഗ സമിതി പരിശോധിക്കും. യുഎന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുന്‍പ് യോഗം ചേരാന്‍ സാധ്യതയിലാത്തതുകൊണ്ട് താലിബാന്റെ ആവശ്യം പരിഗണിക്കപ്പെട്ടേക്കില്ല എന്നാണ് സൂചന.
അതേസമയം താലിബാന് പുറത്താക്കിയ മുന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗുലാം ഇസാക്സായി ന്യൂയോര്‍ക്കിലുണ്ട്.അദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചെന്നും അഫ്ഗാനെ നിലവില്‍ ഗുലാം ഇസാക്സായി പ്രതിനിധീകരിക്കുന്നില്ലെന്നും താലിബാന് കത്തില്‍ പറയുന്നു.