പി.സി.ചാക്കോ പക്ഷത്തിനെതിരെ എന്‍സിപിയില്‍ അമര്‍ഷം പുകയുന്നു. പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫംഗമായി നിയമിതനായ ബിജു ആബേല്‍ ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് എന്‍സിപി അംഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് ഭിന്നത പരസ്യമായത്ത്.
പി.സി.ചാക്കോയും അദ്ദേഹം പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നവരുമാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ആക്ഷേപം എന്‍സിപിയില്‍ ശക്തമാണ്. മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്റ്റാഫിലടക്കം ഇത്തരക്കാര്‍ക്ക് നിര്‍ണായക സ്ഥാനം ലഭിച്ചെന്നാണ് ആക്ഷേപം. മന്ത്രി എ.കെ.ശശീന്ദ്രന് നിസഹായാവസ്ഥയിലാണെന്നും അസംതൃപ്തര്‍ പറയുന്നു. എ.കെ.ശശീന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബിജു ആബേല്‍ ജേക്കബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കുന്നതു വരെയെത്തി പ്രശ്നങ്ങള്‍.
കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയിലെത്തിയ എറണാകുളം സ്വദേശി ബേബി കിരീടത്തിലാണ് മന്ത്രിയുടെ സ്റ്റാഫ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മന്ത്രി എ.കെ.ശശീന്ദ്രനും പകര്‍പ്പ് വച്ചിട്ടുണ്ട്. പരാതിക്കാസ്പദമായ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ മാന്യമായി പെരുമാറണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ലംഘിച്ച ബിജുവിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.തനിക്കെതിരായ ആരോപണങ്ങള്‍ ബിജു ആബേല്‍ ജേക്കബ് നിഷേധിച്ചു. അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു ഫോണ്‍ വിളിച്ചപ്പോള്‍ ബേബി സംസാരിച്ചത്. വ്യക്തിഹത്യ നടത്തിയതിന് ബേബിക്കെതിരെ പൊലീസിലും പാര്‍ട്ടിയിലും പരാതി നല്‍കാനാണ് ബിജുവിന്റെ തീരുമാനം.