തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രം കിറ്റ് നല്കിയാല് മതിയെന്ന നിര്‍ദേശം പരിഗണിക്കുന്നുണ്ട്. ഇതുവരെ കിറ്റ് വിതരണം ചെയ്തതില്‍ സാമ്പത്തിക ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
സംസ്ഥാനത്ത് ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 11 കോടി കിറ്റുകളാണ് ആകെ നൽകിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.