ചങ്ങനാശേരി: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ വീണ യുവതി മരിച്ചു. ബൈക്കിൽ നിന്നും കെഎസ്ആര്‍ടിസി ബസിനടിയിലേക്കാണ് ഇവർ വീണത്. ചങ്ങനാശേരി മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ്(25) ആണ് മരിച്ചത്.
വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കുമളിയില്‍ നിന്നു കായംകുളത്തേക്കു പോവുകയായിരുന്ന ബസ് പൂവത്തുംമൂടിനു സമീപം ബൈക്കിനെ മറികടക്കുന്നതിനിടയില്‍, ബൈക്ക് റോഡിന്റെ തിട്ടയില്‍ ഇടിക്കുകയും പിന്നില്‍ ഇരുന്ന സുബി തെറിച്ചുവീഴുകയുമായിരുന്നു.
റോഡില്‍ വീണ സുബിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് ആംബുലന്‍സിലേക്ക് മാറ്റിയത്. ചങ്ങനാശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.