തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേര് കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷന് പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,41,20,256 പേര് ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 37.78 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷന്. ആദ്യഡോസ് 90.31 ശതമാനമായി. ഇതോടെ ആകെ സമ്പൂര്‍ണ കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 3,42,10,890 ആയി.
വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ള ജില്ലകൾ. വാക്സിനേഷന് ലക്ഷ്യത്തോടടുക്കുമ്പോള്‍ വാക്സിന് എടുക്കാനുള്ളവര്‍ കുറവായതിനാല്‍ പല വാക്സിനേഷന് കേന്ദ്രങ്ങളിലും തിരക്കില്ല.
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷന് 1,77,51,202 ഡോസും പുരുഷന്മാരുടെ വാക്സിനേഷന് 1,64,51,576 ഡോസുമാണ്.
കോവിഡ് മുന്നണിപോരാളികളില്‍ 100 ശതമാനം പേര് ആദ്യഡോസ് വാക്സിനും 87 ശതമാനം പേര് രണ്ടാംഡോസും എടുത്തു. 45ല്‍ വയസ്സില്‍ കൂടുതലുള്ള 96 ശതമാനത്തിലധികം പേര് ആദ്യഡോസും 56 ശതമാനം പേര് രണ്ടാംഡോസും സ്വീകരിച്ചു. ഒപ്പം സംസ്ഥാനത്ത് 50,000 ഡോസ് കൊവാക്സിനും കൂടി ലഭിച്ചിട്ടുണ്ട്.