കാബൂള്‍: അഫ്ഗാനിസ്താനിൽ ഓണ്‍ലൈന്‍ ക്യാമ്പയിനുമായി സ്ത്രീകള്‍. അഫ്ഗാനിസ്താനിൽ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും താലിബാന് ഏര്‍പ്പെടുത്തിയ വസ്ത്രധാരണത്തിലെ ചട്ടങ്ങള്‍ക്കെതിരെയാണ് സ്ത്രീകളുടെ ഓൺലൈൻ ക്യാമ്പയിൻ.
താലിബാന് നിര്‍ദേശത്തിനു വിരുദ്ധമായി നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് അഫ്ഗാന് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. #DoNotTouchMyClothes, #AfghanCulture എന്നീ ഹാഷ്ടാഗുകളോടെയാണ് ചിത്രങ്ങള്‍ പങ്കുവെചിരിക്കുന്നത്.
അഫ്ഗാനില്‍ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സ്കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന കുട്ടികളും അധ്യാപകരും പൂര്‍ണമായും ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളായ അബായയോ നിഖാബോ ധരിക്കണമെന്ന് താലിബാന് ഉത്തരവിട്ടത്. കയ്യുറ ധരിക്കണമെന്നും നിര്‍ദേശമുണ്ട്. ധരിക്കുന്ന വസ്ത്രം കറുപ്പ് നിറത്തിലുള്ളതാവണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് സ്ത്രീകള്‍ ഓണ്‍ലൈന്‍ കാമ്പയിനുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം കാബൂളിലെ സര്‍വകലാശാലയില്‍ മൂന്നൂറോളം സ്ത്രീകള്‍ താലിബാനെ അനുകൂലിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രകടനം നടത്തിയിരുന്നു. ഉന്നത സ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള താലിബാന് തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്ത്രീകളുടെ ഈ സംഘം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ കൂടിയാണ് സോഷ്യല്‍ മീഡിയയിലെ ഈ പ്രതിഷേധം.
ശരീരം മുഴുവനായി മൂടുന്ന വസ്ത്രം ധരിക്കുന്നതല്ല അഫ്ഗാന് സംസ്കാരം. അത് ധരിക്കുന്നതല്ല നമ്മുടെ വ്യക്തിത്വവും എന്ന് സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അഫ്ഗാനിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ചരിത്രാധ്യാപികയായ ഡോ.ബഹാര്‍ ക്യാമ്പയിന് തുടക്കം കുറിച്ചത്.
പച്ചനിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ബഹാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.#DoNotTouchMyClothes കാമ്പയിനിൽ ഇതുവരെ നീറുകണക്കിന് സ്ത്രീകളാണ് പങ്കുചേര്‍ന്നിരിക്കുന്നത്.