ന്യൂഡൽഹി;അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ദ് നരേന്ദ്ര ഗിരിയുടെ മരണത്തിൽ അനുയായികളായ ആറുപേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. മഠത്തിലെ കാവല്‍ക്കാരനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്തേക്കും. നരേന്ദ്ര ഗിരിയുടെ മരണം വിവാദമായ സാഹചര്യത്തില്‍ അന്വേഷണം വിപുലീകരിക്കുകയാണ് പൊലീസ്.
തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ ബഘംബരി മഠത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉച്ചകഴിഞ്ഞിട്ടും അദ്ദേഹം മുറിയില്‍നിന്ന് പുറത്തുവരാത്തതിനാല്‍ ശിഷ്യന്മാര് വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നരേന്ദ്രഗിരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.