മസ്കത്ത്: ഒമാനിൽ കോവിഡ് മരണങ്ങളില്ലാതെ തുടർച്ചയായ മൂന്നാം ദിവസം. കോവിഡ് സാഹചര്യങ്ങൾ ശ്വാസകരമായി തുടരുകയാണ്. ഞായറാഴ്ച കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളി, ശനി ദിവസങ്ങളിലും പ്രതിദിന മരണങ്ങളുണ്ടായിരുന്നില്ല.
ഏറെ ഇടവേളക്ക് ശേഷമാണ് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ പ്രതിദിന മരണങ്ങൾ ഇല്ലാതിരിക്കുന്നത്. 36 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,459 ആയി. 113 പേർക്ക് കൂടി രോഗം ഭേദമായി. 2,93,957 പേരാണ് ഇതുവരെ രോഗമുക്തരായത്. രോഗമുക്തിനിരക്ക് 96.9 ശതമാനമായി ഉയരുകയും ചെയ്തു. മൂന്ന് പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 51 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 19 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
രാജ്യത്ത് വാക്സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 28.10 ലക്ഷം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരുടെ 80 ശതമാനമാണിത്. ഇതിൽ 18.62 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരുടെ 52 ശതമാനമാണിത്. 46.36 ലക്ഷം ഡോസുകളാണ് ഇതുവരെ നൽകിയത്.