കോട്ടയം : എം.ജി. സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദപ്രവേശനത്തിനുള്ള നാലാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ചു പ്രവേശനം ഉറപ്പാക്കേണ്ടതും അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസ് അടച്ചു പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്.
സെപ്തംബർ 25ന് വൈകീട്ട് നാലിനകം ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കാത്തവരുടെ അലോട്മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾ സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിൻ്റെ അഭാവത്തിൽ ഇതുസംബന്ധിച്ച പരാതികൾ പരിഗണിക്കില്ല. നേരത്തെയുള്ള അലോട്മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയിട്ടുള്ളവരും സെപ്തംബർ 25ന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം ഉറപ്പാക്കണം.
നാലാം അലോട്മെന്റിന്ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താൽക്കാലിക അലോട്മെന്റ് അനുവദിക്കുകയുള്ളൂ. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ സെപ്തംബർ 27ന് തുടങ്ങാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്.
അതേസമയം, ഒന്നാം സെമസ്റ്റർ ബിരുദപ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള ഓപ്ഷൻ രജിസ്ട്രേഷന് ഒക്ടോബർ 12 മുതൽ 18 വരെയാണ് അവസരം.
നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്മെന്റിനായി രജിസ്റ്റർ ചെയ്യാം. നിലവിൽ പ്രവേശനം ലഭിച്ചവർക്ക് സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചാൽ അവരുടെ നിലവിലെ പ്രവേശനം റദ്ദാകുന്നതും പുതുതായി ലഭിക്കുന്ന അലോട്മെന്റിൽ അവർ പ്രവേശനം നേടേണ്ടതുമാണ്.
ഓൺലൈൻ അപേക്ഷയിലെ തെറ്റ്മൂലം അലോട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും നേരത്തെ ലഭിച്ച അലോട്മെന്റ് ഏതെങ്കിലും കാരണവശാൽ റദ്ദാക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിന് രജിസ്റ്റർ ചെയ്യാം. പ്രത്യേകമായി ഫീസ് അടയ്ക്കാതെതന്നെ ഇവർക്ക് cap.mgu.ac.in എന്ന വെബ്സൈറ്റ് മുഖേന പുതുതായി ഓപ്ഷൻ നൽകാം. നേരത്തെ നൽകിയിട്ടുള്ള ഓപ്ഷനുകളിൽ തിരുത്തൽ വരുത്താനും സപ്ലിമെന്ററി ഓപ്ഷൻ രജിസ്ട്രേഷനിൽ അവസരമുണ്ടായിരിക്കും. സപ്ലിമെന്ററി അലോട്മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ നൽകണം. വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവ്വകലാശാല പ്രസിദ്ധീകരിക്കും.