തിരുവനന്തപുരം: സംസ്ഥാനത്തെ ഡെങ്കിപ്പനിബാധയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഡെങ്കി-2 പുതിയ വകഭേദമാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പുതിയതല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡെങ്കിപ്പനിയില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ 4 വകഭേദങ്ങളുണ്ട്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നാല് വകഭേദങ്ങളിലും വെച്ച് ഡങ്കി രണ്ടാണ് തീവ്രത കൂടിയ രോഗം. 2017ല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപന സമയത്ത് ഡെങ്കി രണ്ടും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ മരണമടഞ്ഞു. ഈ വർഷം ഇതുവരെ 2421 പേർക്ക് സംസ്ഥാനത്ത് ഡങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഈ വർഷം ആകെ 24 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.