തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീനേഷൻ 90 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ഇതുവരെ 2,39,67,633 (2.39 കോടി) പേര്‍ക്ക് ആദ്യ ഡോസ് നല്കി. വാക്സീനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും പ്രോട്ടോകോൾ നന്നായി പാലിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള പ്രതിരോധം പാലിച്ചാല്‍ മാത്രമേ ഇപ്പോഴുള്ള ഇളവുകള്‍ തുടരാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഡെങ്കിപ്പനി 2 പുതിയ വകഭേദമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ തീവ്രത കൂടിയ രോഗമാണ് ഡെങ്കിപ്പനി 2. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിൽ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ കൂട്ടിയെന്ന് പറഞ്ഞ മന്ത്രി, സിറോ സർവെയ്ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണെന്നും, 80 ശതമാനം പേർക്കും കൊവിഡിനെതിരായ ഒന്നാം ഡോസ് വാക്സീനേഷൻ പൂർത്തിയായത് കൊണ്ടാണിതെന്നും അവർ പറഞ്ഞു.