ദുബായ്: ദുബായ് എക്സ്പോ 2020യുടെ തുടക്കത്തിന് മാറ്റുകൂട്ടാൻ ലോകത്തിലെ ഏറ്റവും വിലയേറിയ താരങ്ങൾ അണിനിരക്കും. സെപ്റ്റംബർ 30 വൈകുന്നേരം മുഴുവനായി താരപ്പകിട്ടിലായിരിക്കും. ലോകത്തിൻ്റെ പല ഭാഗങ്ങളിൽനിന്ന് എക്സ്പോ വീക്ഷിക്കുന്നവർക്ക് ആസ്വദിക്കാനായി ഒളിമ്പിക്സിന് സമാനമായ ലൈറ്റ് ആൻഡ് ഡാൻസ് ഷോയും ഒരുക്കിയതായി മേളയുടെ ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഓപറ ഗായകൻ ആൻഡ്രെ ബൊസെലി, ഗോൾഡൻ ഗ്ലോബ് നേടിയ നടിയും ഗായികയുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് പോപ് സ്റ്റാർ എല്ലീ ഗൗൾഡിങ്, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ്, നാലുതവണ ഗ്രാമി അവാർഡ് ജേതാവായ ഗായിക ആഞ്ചലിക് കിഡ്ജോ എന്നിവർ അൽ വസ്ൽ പ്ലാസയിലെ ആദ്യ ചടങ്ങിൽ ഒത്തുചേരും.
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ പ്രാദേശിക കലാകാരന്മാരായ ‘അറബികളുടെ കലാകാരൻ’ എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദു, ഇമാറാത്തി ഗായിക അഹ്ലാം അൽശംസി, ഇമാറാത്തി കലാകാരനും എക്സ്പോ ബ്രാൻഡ് അംബാസഡറുമായ ഹുസൈൻ അൽ ജാസിമി എന്നിവരും വേദിയിൽ അണിനിരക്കും. യു.എ.ഇയിലെ ഉയർന്നുവരുന്ന ഗായിക അൽമാസ്, ഗ്രാമി അവാർഡിന് പരിഗണിക്കപ്പെട്ട ലബനീസ്-അമേരിക്കൻ ഗായിക മൈസ കാര എന്നിവരും പരിപാടികൾ അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്തെ ഏറ്റവും വിഖ്യാതമായ വിനോദ-സർക്കസ് പരിപാടികളുടെ നിർമാതാക്കളായ ‘സർക്യൂ ഡു സൊളൈൽ’ എന്ന കമ്പനിയാണ് ഉദ്ഘാടനച്ചടങ്ങിലെ ലൈറ്റ് ആൻഡ് ഡാൻസ് ഷോക്കൊപ്പം കാഴ്ചക്കാരെ വിസ്മയിപ്പിക്കാൻ തയാറായിട്ടുള്ളത്. ഒളിമ്പിക്സ് അടക്കം ലോകത്തെ 62 വമ്പൻ പരിപാടികൾ ഇതിനകം സംവിധാനം ചെയ്ത ‘ഫൈവ് കറണ്ട്സ്’ കമ്പനിയാണ് എക്സ്പോയും അണിയിച്ചൊരുക്കുക. ‘മനസ്സുകൾ ചേർത്ത് ഭാവിയെ സൃഷ്ടിക്കാം’ എന്ന എക്സ്പോ തീമിന് അനുസൃതമായായിരിക്കും ഉദ്ഘാടന ചടങ്ങ് ഒരുക്കുന്നത്.