അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്.ഐ) പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ പറയുന്നു.
ടാല്‍ക്കം പൗഡറിന്റെ മറവിലാണ് കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് എന്ന സ്ഥാപനമാണ് കണ്ടെയ്നറുകള്‍ അഫ്ഗാനിസ്താനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്.
എന്നാല്‍, അഫ്ഗാനിസ്താനില്‍ നിന്ന് ടാല്‍ക്കം പൗഡറുകളാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ ആസ്ഥാനമായുള്ള ഹസ്സന് ഹുസ്സെന് ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് കയറ്റുമതി ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഗുജറാത്ത് തീരത്ത് ഇറാനിയന്‍ ബോട്ടില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ 150 കോടിയോളം വില വരുന്ന ഹോറോയിന്‍ പിടിച്ചെടുത്തിരുന്നു.