പി. പ്രകാശ് തിരക്കഥയെഴുതി ജിതിൻകുമ്പുക്കാട്ട് സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രമാണ് ‘രാക്ഷസൻ’. വിവിധ ചലച്ചിത്രമേളകളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഈ കുഞ്ഞുചിത്രത്തിന് ഒടുവിലായി ലഭിച്ച അംഗീകാരം ‘ഹെർട്ട് ഓഫ് യൂറോപ്പ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ’ മികച്ച ശബ്ദസങ്കലന വിഭാഗത്തിലേക്കുള്ള ഒഫീഷ്യൽ സെലക്ഷനാണ്.
ഉറുമിയടക്കമുള്ള മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് ബാബുവാണ് ഈ ഹ്രസ്വചിത്രത്തിൻ്റെ ശബ്ദസങ്കലനം നിർവഹിച്ചിരിക്കുന്നത്. മുൻപ് എസ്ടോണിയയിൽ നടന്ന ഒണിക്കോ ഫിലിം അവാർഡിൽ (Onyko Film Award) മികച്ച സൗണ്ട് ട്രാക്കിനുള്ള അവാർഡ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ച സിബു സുകുമാരൻ നേടിയിരുന്നു. കൂടാതെ യു കെ യിൽ നടക്കുന്ന ലിസ്റ്റ് ഓഫ് ഓൺലൈൻ സെഷൻസ്, ഫസ്റ്റ് ടൈം ഫിലിം മേക്കർ ഓൺലൈൻ, സെഷൻസ് ബൈ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്വർക്ക് തുടങ്ങിയ ചലച്ചിത്ര മേളകളിലേക്കും ചിത്രം സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാധവം മൂവിസിൻ്റെ ബാനറിൽ ബിജേഷ് നായർ നിർമ്മിച്ച ചിത്രത്തിൽ അന്തരിച്ച പ്രമുഖ സിനിമ-സീരിയൽ നടൻ രമേശ് വലിയശാല ‘രാക്ഷസൻ’ എന്ന ടൈറ്റിൽ റോൾ അവതരിപ്പിച്ചിരിക്കുന്നു. ഇദ്ദേഹത്തിൻ്റെ വിയോഗം സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിച്ചവരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
രമേശ് വലിയശാല, ബിജിരാജ് കാളിദാസ, ഘനശ്യാം, അഹല്യ, വീണ, ശിവകൃഷ്ണ, അപർണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
‘മാംസ നിബദ്ധമല്ല രാഗം’ എന്ന ആശയം പങ്കുവെയ്ക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ മികച്ച എഡിറ്ററും DI കളറിസ്റ്റും കൂടിയാണ്. ‘തുരീയം’ എന്ന മലയാള ചലച്ചിത്രത്തിൻ്റെ സംവിധായകനായ ഇദ്ദേഹം പുതിയ മലയാളചിത്രങ്ങളുടെ തിരക്കിലാണ്.
എഡിറ്റിംഗ് & സംവിധാനം : ജിതിൻ കുമ്പുക്കാട്ട്, നിർമ്മാണം: ബിജേഷ് നായർ, കഥ, തിരക്കഥ : പി. പ്രകാശ്,
ഛായാഗ്രഹണം: ജി.കെ നന്ദകുമാർ,സംഗീത സംവിധാനം: സിബു സുകുമാരൻ, ശബ്ദസങ്കലനം: ആനന്ദ് ബാബു,കലാസംവിധാനം :രഞ്ജിത്. എസ്, പ്രൊഡക്ഷൻ കൺട്രോളർ: ശിവകൃഷ്ണ,പി ആർ ഓ : അജയ് തുണ്ടത്തിൽ.