തിരുവനന്തപുരം :സി പി ഐ(എം) കേരളത്തിലെ ഇസ്ലാമേഫോബിയയുടെ പ്രചാരകരും ഗുണഭോക്താക്കളുമായിരിക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. മുസ്ലിം സമുദായത്തെ പ്രത്യക്ഷമായി പ്രതിസ്ഥാനത്തു നിർത്തുന്ന വസ്തുതാ വിരുദ്ധവും അതിലുപരി അത്യന്തം അപകടകരവുമായ പ്രസ്താവനയാണ് പാലാ ബിഷപ്പ് നടത്തിയത്. സമീപകാലത്ത് മുസ്ലിം സമുദായത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന പല തരത്തിലുള്ള ആരോപണങ്ങളുടെ തുടർച്ചയിൽ മാത്രമേ താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന കൈപുസ്തകത്തി പരാമർശങ്ങളെയും കാണാൻ കഴിയൂ.
ഇതിനോടുള്ള പ്രതികരണത്തിൽ ഇതിനെ പ്രശ്നവത്കരിക്കുന്നതിൽ ഇരയാക്കപ്പെട്ട സമുദായം തന്നെയാണ് മുന്നിട്ടിറങ്ങിയത്. കേരളത്തിന്റെ പൊതു ബോധം കുറ്റകരമായ മൗനം പാലിച്ചതായി കാണാൻ കഴിയും. എന്നാൽ ഭരണ കൂടം എന്ന നിലക്ക് പിണറായി സർക്കാർ മുമ്പത്തേതിനേക്കാൾ ക്രിസ്ത്യൻ പ്രീണനവും മുസ്ലിം വിരുദ്ധവുമായ നിലപാട് തന്നെയാണ് കൈക്കൊണ്ടത്. മുസ്ലിം സമുദായം അന്യായമായി ക്ഷേമ പദ്ധതികൾ നേടിയെടുക്കുന്നു എന്ന പ്രചാരണത്തിന് മൗനം കൊണ്ട് അംഗീകാരം നൽകുകയും അതു വഴി ഭരണത്തുടർച്ച ഉറപ്പാക്കുകയും ചെയ്ത സർക്കാർ ആണിത്. മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ പരാതി ഉണ്ടായിട്ടു പോലും കേസെടുക്കാതെ സംരക്ഷിക്കുക വഴി സർക്കാർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മന്ത്രി വാസവൻ അരമനയിൽ ചെന്ന് ബിഷപ്പിനെ സന്ദർശിക്കുകയും പാർട്ടി സെക്രട്ടറി വിജയരാഘവൻ ബിഷപ്പിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഇതിനെ കേവലം മുസ്ലിം-ക്രിസ്ത്യൻ വിഷയമെന്നോ സംഘ് പരിവാർ അജണ്ടയെന്നോ വിശേഷിപ്പിക്കാവുന്നതല്ല. മറിച്ച് മുസ്ലിം വിരുദ്ധതയെ ഉപയോഗിച്ച് സി പി ഐ (എം) നടത്തുന്ന ഭൂരിപക്ഷ ഏകീകരണവും അതു വഴിയുള്ള രാഷ്ട്രീയ ലാഭങ്ങളുമാണ്. അതു കൊണ്ട് കൂടിയാണ് മുസ്ലിം വിദ്യാർത്ഥിനികളെ തീവ്ര വാദികളായി ചിത്രീകരിക്കാനും ന്യൂനപക്ഷ രാഷ്ട്രീയ ഉണർവുകളെ സംശയത്തോടെ സമീപിക്കേണ്ടതിനെ കുറിച്ച ലഖുലേഖ എഴുതേണ്ടി വരികയും ചെയ്തിട്ടുള്ളത്. രാഷ്ട്രീയ മാന്ദ്യം സംഭവിച്ചു പോയ എസ് എഫ് ഐ യുടെ പരാജയങ്ങൾക്ക് ഒരു സമുദായത്തിൻ്റെ മേൽ തീവ്രവാദ ആരോപണമുന്നയിക്കുന്ന നീച തന്ത്രമാണ് ഭരണകക്ഷി നടത്തുന്നത്. ഇത്തരം ഗൂഢനീക്കങ്ങൾക്കെതിരെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിരോധങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകും.