ദമ്മാം: കോവിഡ് പ്രതിസന്ധികളെ മറികടന്ന് സജീവമായ വനിത ബീച്ച് നിരവധി സ്ത്രീകളെ ആകർഷിക്കുകയാണ്. സൗദിയുടെ വേനൽക്കാല ആഘോഷങ്ങൾ അവസാനിക്കാനിരിക്കെയാണ് അൽ ഖോബാറിൽ ആരംഭിച്ചിരിക്കുന്ന വനിത ബീച്ച് സ്ത്രീകൾക്ക് ആസ്വാദനത്തിൻ്റെ പുത്തൻ അനുഭവതലങ്ങൾ പ്രദാനം ചെയ്യുന്നത്.
2020ൽ ആണ് 18-0 ബീച്ച് ക്ലബ് അൽ ഖോബാറിലെ അസീസയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് ക്ലബ് ആരംഭിച്ചത്. എന്നാൽ, കോവിഡിൻ്റെ വരവ് ഇതിൻ്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിന് തടസ്സം നേരിട്ടു. എന്നാൽ ഇപ്പോൾ പ്രതിസന്ധികൾ മാറിയ സാഹചര്യത്തിൽ കൂടുതൽ സംവിധാനങ്ങളുമായി ഒരു വിശ്രമയിടം ഒരുക്കിയിരിക്കുകയാണ് ഇവിടെ.
നീന്തൽ, സമുദ്ര കായിക വിനോദങ്ങൾ ഉൽപ്പെടെ നിരവധി സംവിധാനങ്ങൾ ഉൽക്കൊള്ളുന്ന വനിത ബീച്ച് ക്ലബിൻ്റെ സീസൺ ഒക്ടോബർ 18 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
വനിത ബീച്ച് ക്ലബിൻ്റെ ഇൻഡോർ ലോഞ്ച് സ്ത്രീകൾക്ക് പൂർണ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ്. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലവും ശുചിത്വവും നിർബന്ധമാക്കിയിട്ടുണ്ട്.
45,000 ചതുരശ്ര അടി സ്ഥലത്ത് 400 പേർക്ക് ഒരേസമയം സംഗമിക്കാൻ കഴിയുന്ന രീതിയിലാണ് ബീച്ച്. ജിദ്ദയിലെ കടൽത്തീരങ്ങളിലാണ് സൗദിയിൽ ആദ്യമായി വനിത ബീച്ച് ക്ലബുകൾ ആരംഭിക്കുന്നത്. ഇതിൽ പങ്കുചേരാൻ ദമ്മാമിൽനിന്നും സ്ത്രീകൾ ജിദ്ദയിലേക്ക് യാത്രചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇതിൻ്റെ ആവശ്യകതയും സ്വീകാര്യതയും കൂടുതൽ ബോധ്യപ്പെട്ടത്. വനിത ശാക്തീകരണ മേഖലകളിൽ പ്രവർത്തിക്കുന്ന സമേ അൽഗ്രൈനീസും ദിമ അൽ-സാമിലും ചേർന്നാണ് കിഴക്കൻ പ്രവിശ്യയിൽ വനിത ബീച്ച് ക്ലബിന് മുൻകൈയെടുത്തത്. പൊതു ബീച്ചുകളിൽ സ്ത്രീകൾക്ക് യാഥാസ്ഥിതികമായ വസ്ത്രങ്ങൾ ധരിച്ച് മാത്രമെ പ്രത്യക്ഷപ്പെടാൻ സാധിക്കൂ. എന്നാൽ, വനിത ബീച്ചിൽ സ്ത്രീകൾക്ക് കൂടുതൽ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയും.
ഇവിടെ ഫോണുകളുടെ ഉപയോഗം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി കാമറകൾ അനുവദനീയമല്ല, സന്ദർശകർക്ക് പൂർണ സ്വകാര്യത ഉറപ്പുവരുത്താനായി ഏഴ് വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.