2015ൽ ജിജു അശോകൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉറുമ്പുകൾ ഉറങ്ങാറില്ല’. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് പുനർനിർമ്മിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലർ ജോണറിൽപ്പെട്ട ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഗന്ധർവ്വൻ കോട്ടൈ, ആൾവാർ കുറിച്ചി,അളകാപുരം,അംബാസമുദ്രം എന്നിവടങ്ങളിലായി ഈ വർഷവാസനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിൻ്റെ അഭിനേതാക്കൾ, ക്രൂ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് പ്രൊഡക്ഷൻ ടീം അറിയിച്ചത്.
ദേവ് മോഹൻ നായകനാകുന്ന ‘പുള്ളി’ എന്ന ചലച്ചിത്രം ആണ് ജിജു അശോകൻ്റെതായി മലയാളത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. എഎഎആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ലവൻ, കുശൻ, കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചലച്ചിത്രമാണിത്. റിലീസ് ചെയ്യാനിരിക്കുന്ന അദൃശ്യം, യൂകി എന്നീ ചിത്രങ്ങൾക്ക് ശേഷം എഎഎആർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം, പുള്ളി എന്നിവയാണ് കമലം ഫിലിംസിൻ്റെ മറ്റു ചിത്രങ്ങൾ.