ബറൂച്ച്: യൂട്യൂബില്‍ നിന്ന് തനിക്ക് വരുമാനമായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോവിഡ് കാലത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ലക്ചര്‍ വീഡിയോകളില്‍ നിന്നാണ് ഈ ഇനത്തില്‍ പണം ലഭിക്കുന്നതെന്ന് അദ്ദേഹം പൊതുപരിപാടിക്കിടെ വ്യക്തമാക്കി.
കൊവിഡ് കാലത്ത് താൻ രണ്ട് കാര്യങ്ങളാണ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു പാചകക്കാരനായി വീട്ടിൽ തന്നെ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി. വീഡിയോ കോൺഫറൻസ് വഴി ആളുകൾക്ക് ക്ലാസുകൾ നൽകി. ഓൺലൈനായി 950 ലെക്ചറുകൾ എടുത്തു. രണ്ട് വിദേശ സർവകലാശാലകളിലെ കുട്ടികൾക്കും ക്ലാസെടുത്തു. അവയെല്ലാം യൂട്യൂബിൽ അപ്ലോഡ് ചെയ്തു,’- അദ്ദേഹം പറഞ്ഞു.
‘യൂട്യൂബിലെ എന്റെ കാണികളുടെ എണ്ണം വർധിച്ചു. അതുകൊണ്ടുതന്നെ യൂട്യൂബ് ഇപ്പോൾ എനിക്ക് മാസം നാല് ലക്ഷം രൂപ റോയൽറ്റിയായി നൽകുന്നുണ്ട്.’ രാജ്യത്ത് നല്ല കാര്യം ചെയ്യുന്നവർക്ക് മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന വാദവും അദ്ദേഹം ഉയർത്തി. പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.