ന്യൂഡല്‍ഹി: ലഖ്നൗവിൽ നടന്ന നാൽപ്പത്തിയഞ്ചാമത് ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ വെളിച്ചെണ്ണയുടെ നികുതി നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച ചർച്ച ഉയർന്നുവന്നു. സൗന്ദര്യവർധക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 18% നിരക്കിലും പാചക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെളിച്ചെണ്ണ 5% നിരക്കിലും നികുതിവിധേയമാക്കണം എന്ന നിർദേശമാണ് ഫിറ്റ്മെന്റ് കമ്മിറ്റി കൗൺസിലിന് മുൻപിൽ വെച്ചത്. എന്നാൽ ഈ വേർതിരിവ് വെളിച്ചെണ്ണയുടെ കാര്യത്തിൽ പ്രായോഗികമല്ല എന്നും അതിനാൽ ഒരു ലിറ്ററിൽ കൂടുതൽ ഉള്ള പായ്ക്കുകളിൽ വരുന്ന വെളിച്ചെണ്ണ സാധാരണയായി പാചകത്തിന് ഉപയോഗിക്കുന്നതായതുകൊണ്ടു അതിനു 5% നിരക്കിലും ഒരു ലിറ്ററിൽ താഴെയുള്ള പായ്ക്കുകളിൽ വിൽക്കുന്നവ 18% നിരക്കിലും നികുതിവിധേയമാക്കാം എന്നും ഫിറ്റ്മെന്റ് കമ്മിറ്റി നിർദേശിച്ചു.
ഇതിനോട് കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഒരു ലിറ്ററിൽ താഴെയുള്ള പായ്ക്കുകളിൽ പാചകത്തിനായി വെളിച്ചെണ്ണ വാങ്ങുന്നവർക്ക് ഇതു അധികഭാരം ഉണ്ടാക്കുമെന്നും ഇത്തരം വിലവർധന ക്രമേണ നാളീകേര കർഷകരെയും ബാധിക്കുമെന്ന വാദവും കൗൺസിലിൽ ഉന്നയിച്ചു. മറ്റു പല എണ്ണകളും സൗന്ദര്യവർധനവ്, പാചകം എന്ന രണ്ടുപയോഗത്തിനും വെളിച്ചെണ്ണ പോലെ തന്നെ ഉപയോഗിക്കപ്പെടുമ്പോൾ കേരളത്തിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കൂടുതലായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയുടെ നികുതി മാത്രം ഉയർത്തുന്നത് വിവേചനപരമാണെന്ന നിലപാടും അറിയിച്ചു. കേരളത്തിന്റെ അഭ്യർഥന പ്രകാരം വെളിച്ചെണ്ണയുടെ നികുതി നിരക്കിനെക്കുറിച്ചു വിശദമായ പഠനം നടത്തിയതിനു ശേഷം മാത്രമേ ഇനി ചർച്ച ഉണ്ടാവുകയുള്ളൂ എന്ന് ജിഎസ്ടി കൗൺസിൽ തീരുമാനമെടുത്തു.