ന്യൂഡൽഹി: ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയിൽ ആക്കാൻ തീരുമാനം. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാൻ ആരംഭിക്കും. ആപ്പുകളിൽ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓൺലൈൻ ഭക്ഷണത്തിനും ഈടാക്കുക.;
അതേസമയം പെട്രോള്‍, ഡീസല്‍ നികുതി ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ഒറ്റക്കെട്ടായി എതിര്‍ത്ത് സംസ്ഥാനങ്ങള്‍. ലഖ്നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച വേണ്ടെന്നും കേരളം ഉള്‍പ്പെടെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളും നിലപാടെടുത്തു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്ന് സംസ്ഥാനങ്ങള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതോടെ വിഷയം പിന്നീട് പരിഗണിക്കാനായി കൗണ്‍സില്‍ മാറ്റിവെച്ചു.