തിരുവനന്തപുരം: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തി സസ്പെൻഷനിലായ മുന്‍ ജനറല്‍ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ ശിവദാസന്‍ നായരെ കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി നൽകിയ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമായതിനാലും തെറ്റിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പാർട്ടി തിരിച്ചെടുത്തത്.
സസ്പെന്ഷന് റദ്ദ് ചെയ്ത് അദ്ദേഹത്തെ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് സ്വകാര്യ ചാനലിലെ ചർച്ചക്കിടെ കെ പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ പാർട്ടി നടപടി എടുത്തത്. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ കെ സുധാകരനെ കണ്ട് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ നടപടിയെടുത്തത് എന്നാണറിയുന്നത്. കെ പി അനിൽകുമാർ ഉൾപ്പെടെ പലപ്രമുഖ നേതാക്കളും പാർട്ടി വിട്ട് സിപിഐഎമ്മിൽ ചേർന്നിരുന്നു.