ദുബൈയ്: കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിക്കൾ ജി.സി.സി രാജ്യങ്ങൾ വൈകാതെ മറികടക്കുമെന്ന് സർവേ. യു.എ.ഇയും സൗദി അറേബ്യയുമായിരിക്കും ഇതിൽ മുഖ്യപങ്ക് വഹിക്കുക എന്ന് എം.യു.ജി.എഫ് നടത്തിയ ഗവേഷണത്തിൽ പറയുന്നു.
എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ പുതുവഴികൾ കണ്ടെത്താൻ കോവിഡ് കാലം സഹായിച്ചു. ഇത് ഇവരുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കും. വാക്സിനേഷൻ സജീവമായത് ഉപകരിക്കും. ഈ വർഷത്തെ സാമ്പത്തിക വളർച്ചക്ക് ചുക്കാൻ പിടിക്കുക സൗദിയും യു.എ.ഇയുമായിരിക്കുമെന്ന് സർവേ പറയുന്നു.
ആഭ്യന്തര വളർച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും ഇതിന് തുണയാകും. മറ്റ് മേഖലകളിലെ വളർച്ചക്കൊപ്പം എണ്ണ വിലയിലും വലിയ ഇടിവുണ്ടാകാൻ സാധ്യതയില്ല. കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് സർവേയിൽ എടുത്തുകാണിക്കുന്നു. എന്നാൽ, എല്ലാ ജി.സി.സി രാജ്യങ്ങളും അതിവേഗം തിരിച്ചുവരാൻ സാധ്യത കുറവാണ്.
ചില രാജ്യങ്ങളിൽ കോവിഡിൻ്റെ അവസ്ഥ അത്ര ശുഭകരമല്ല. യു.എ.ഇയെയും സൗദിയെയും അപേക്ഷിച്ച് തിരിച്ചുവരവിന് മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് സമയമെടുക്കും. എങ്കിലും, ഇടക്കിടെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ഈ രാജ്യങ്ങളെയും ബാധിക്കുന്നില്ലെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.