ആഗോള വിപണിയിൽ അലൂമിനിയം വില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ പതിനഞ്ചു ശതമാനം വില വർധനയാണ് ഉണ്ടായത്. ചൈനയിൽ അലൂമിനിയം ഉത്പാദനം കുറഞ്ഞതും ഗിനിയയിൽ പട്ടാള അട്ടിമറി കാരണം കയറ്റുമതി നിലച്ചതുമാണ് പെട്ടെന്ന് വില ഉയരാൻ കാരണമായത്.
പ്രളയത്തിനും കോവിഡ് മഹാമാരിക്കുംശേഷം തിരിച്ചടി നേരിടുന്ന നിർമാണമേഖലക്ക് ഇരുട്ടടിയാണ് അലുമിനിയത്തിെൻറ വിലർധന.കേന്ദ്രസർക്കാർ ഉടമസ്ഥതയിലെ നാൽകോ എന്ന വിപണി വിലനിയന്ത്രണ കമ്പനിയുടെ ദിനംപ്രതിയുള്ള വിലക്കയറ്റം ഈ വ്യവസായത്തെ അടിമുടി അസ്ഥിരപ്പെടുത്തിയതായും വ്യാപാരികൾ പറയുന്നു.
ഇന്ത്യയിലെ അലുമിനിയം കമ്പനികൾ വില നിശ്ചയിക്കുന്നത് നാൽകോ എന്ന സ്ഥാപനത്തെ ആശ്രയിച്ചാണ്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർമാണമേഖലയിൽ വിലക്കറ്റത്തിെൻറ ആഘാതം വർധിക്കുമെന്ന് അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ വ്യാപാര സംഘടനയായ അലുമിനിയം ഡീലേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.