തൃക്കാക്കര പണക്കിഴി വിവാദത്തിൽ പൊലീസ് സംരക്ഷണം തേടി നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്ക്കുകയും ചെയ്തു. തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.
ഇതിനിടെ തൃക്കാക്കര നഗസഭയില്‍ പ്രതിസന്ധി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തുറന്നടിച്ചത്. യോഗത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കടുത്ത വാഗ്വാദവും അരങ്ങേറി. അതിനിടെ നഗരസഭാ സെക്രട്ടറി എന്‍.കെ.ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റുകയും ചെയ്തു. തൃശൂര്‍ കോര്‍പറേഷനിലേക്കാണ് സ്ഥലംമാറ്റിയത്.