തിരുവനന്തപുരം; പ്ലസ് വണ്‍ പരീക്ഷ നടത്തണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും.
സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പരീക്ഷയെഴുതുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്ന് കോടതിക്ക് മുന്നിലെത്തും. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ഓഫ്ലൈന് പരീക്ഷയെ എതിര്‍ത്ത വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തെ ഡിജിറ്റല്‍ വിഭജനത്തെ കുറിച്ചും പരാതി ഉന്നയിച്ചിട്ടുണ്ട്.