മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എൽ രാഹുലിനെ വളർത്തിക്കൊണ്ടുവരണമെന്ന് സുനിൽ ഗവാസ്ക്കർ. രാഹുലിനെ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗവാസ്ക്കർ ആവശ്യപ്പെട്ടു.
കോഹ്ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശർമ ക്യാപ്റ്റനാകുകയും ഒഴിവുവരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നൽകണമെന്നുമാണ് ഗവാസ്ക്കർ ആവശ്യപ്പെട്ടത്.
ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കെ.എൽ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐപിഎലിലും 50 ഓവർ ക്രിക്കറ്റിലും രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാം- ഗവാസ്ക്കർ പറഞ്ഞു.
അടുത്തിടെ രോഹിത്തിന്റെ അഭാവത്തില്‍ കോലിക്ക് കീഴില്‍ രാഹുല്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകനെന്ന നിലയിലും രാഹുല്‍ മികവ് കാട്ടിയിട്ടുണ്ട്.
ക്യാപ്റ്റന്‍സിയുടെ ഭാരം ബാറ്റിംഗിനെ ബാധിക്കില്ലെന്ന് രാഹുല്‍ ഐപിഎല്ലില്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തീര്‍ച്ചയായും രാഹുലിനെ പരിഗണിക്കാവുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞു.