അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതായി രാമ ജന്മഭൂമി ട്രസ്റ്റ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്രം തുറന്നുകൊടുക്കുമെന്നും ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ആസന്നമായ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബി.ജെ.പി രാമക്ഷേത്രത്തെ രാഷ്ട്രീയ കരുവാക്കുന്നതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് നിര്‍മാണം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. 2023 ഡിസംബറിനകം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവയ്ക്കുന്നത്. 47 പാളികളിലായി കോണ്‍ക്രീറ്റിംഗ് നടത്തിയാണ് നിര്‍മാണം നടക്കുന്നത്. മൂന്നു നിലകളുള്ള രൂപഘടനയാണ് ക്ഷേത്രത്തിനുള്ളത്.
നിര്‍മാണം തുടങ്ങിയപ്പോഴാണ് തറയിലെ ഉറപ്പില്ലാത്ത മണ്ണ് പ്രശ്നമായത്. 40 അടി താഴ്ചയില്‍ കുഴിച്ച് മണ്ണ് നീക്കിയെന്നും ട്രസ്റ്റ് പറഞ്ഞു. ഇതാദ്യമായാണ് ക്ഷേത്ര നിര്‍മാണത്തെ കുറിച്ച് ട്രസ്റ്റ് മാധ്യമങ്ങളോട് വിശദീകരിക്കുന്നത്.
ഏകദേശം നാലുലക്ഷം ഘനയടി കല്ലും രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിളുമാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കുക. 161 അടിയാണ് ക്ഷേത്രത്തിന് ഉയരമുണ്ടാവുക. 360×235 അടി വലിപ്പമുള്ള ക്ഷേത്രത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ 160 സ്തൂപങ്ങളുണ്ടാകും. ഒന്നാംനിലയില്‍ 132 സ്തൂപങ്ങളും രണ്ടാംനിലയില്‍ 74 സ്തൂപങ്ങളുമുണ്ടാകും. അഞ്ച് മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ടാകും.