തിരുവനന്തപുരം: കനയ്യകുമാർ കോണ്‍ഗ്രസിൽ ചേരുമെന്ന വാർത്തകൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധിയുമായി അടുത്ത ദിവസം ചർച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാർത്തയ്ക്ക് അടിസ്ഥാനമായി പ്രചരിപ്പിക്കുന്നതെന്നു കാനം ഫേസ്ബുക്കില്‍ കുറിച്ചു..
രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമല്ല. മുൻപും ഇത്തരം രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടുണ്ട്. ഇത്തരം അപവാദ പ്രചരണങ്ങൾ കൊണ്ട് പാർട്ടിയെ തളർത്താൻ കഴിയില്ല. ഗൂഢലക്ഷ്യങ്ങൾ വച്ചാണ് മാധ്യമങ്ങൾ ഇത്തരം വാർത്തകൾ നൽകുന്നതെന്നും ഒക്ടോബറിൽ നടക്കുന്ന ദേശീയ കൗണ്‍സിൽ യോഗത്തിൽ കനയ്യ പങ്കെടുക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനിൽ കനയ്യകുമാർ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാർ സംഘപരിവാർ ശക്തികൾക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാർ എന്നും കാനം പറഞ്ഞു.