കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്കാന് പി.കെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫീസിലെത്തി. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചനകള്‍.
തന്നെ സാക്ഷിയായാണ് ഇഡി വിളിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ഇഡി ഉദ്യോഗസ്ഥരോട് വിശദീകരിക്കും. ഇഡി നടപടിയില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ അന്വേഷണങ്ങളിലും രാഷ്ട്രീയമുണ്ടല്ലോ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
കേസിൽ ഹാജരാകുന്നതിന് അദ്ദേഹം വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും പിന്നീട് ഇന്ന് തന്നെ ഹാജരാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഹാജരാകാന്‍ നേരത്തേ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. രണ്ടാം തവണ സാവകാശം തേടി ഇന്നലെയാണ് കുഞ്ഞാലിക്കുട്ടി ഇ ഡിയെ സമീപിച്ചത്.
ചന്ദ്രിക പത്രം വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇ.ഡി ആരായുന്നത്. അദ്ദേഹത്തിനും മകനുമെതിരെ ഇഡിക്ക് മുന്നില്‍ കെ.ടി. ജലീല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. രണ്ടു തവണയായാണ് ജലീൽ ഇഡിക്ക് ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്.
ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെയും ഇ.ഡി വിളിപ്പിച്ചിരുന്നു. വിദേശത്തായിരുന്നതിനാൽ എത്താനാകില്ലെന്ന് അറിയിച്ച ഇദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാൻ സാധ്യതയുണ്ട്.
നേരത്തെ ദിനപത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പ്രതിനിധികളേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പണം എവിടെ നിന്ന് വന്നു, ഏത് രീതിയില്‍ കൈകാര്യം ചെയ്തു തുടങ്ങിയ കാര്യങ്ങളാവും കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചറിയും.