ദുബായ്: ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷമാണ് വിരമിക്കുകയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നത്.
ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെങ്കിലും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും വിരാട് വ്യക്തമാക്കി. എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടര്‍ന്നും നയിക്കും. ടി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്കാന് ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ടി20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും – കോഹ്ലി ട്വീറ്റ് ചെയ്തു.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്. അതിനുമുമ്പ് ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി തുടര്‍ന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കും.-സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുറിപ്പില്‍ കോലി വ്യക്തമാക്കി.