സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. കൊവിഡ് വ്യാപന തോത് കുറഞ്ഞാലെ തീയേറ്ററുകൾ തുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സഹായം നൽകുന്നത് സർക്കാരിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത നാല് മാസത്തേക്ക് തീയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെയെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് മുൻപ് തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നും നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുള്ള നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.
അതേസമയം ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് ഇപ്രാവിശ്യം മേള നടക്കുക. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഡിസംബറിൽ മേള നടക്കുക.