ചണ്ഡിഗഡ്: ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഗ്രാമത്തിൽ അജ്ഞാത പനി ബാധിച്ച് എട്ട് കുട്ടികൾ മരിച്ചു. 10 ദിവസത്തിനിടെയാണ് കുട്ടികളുടെ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. സമാന രോഗലക്ഷണങ്ങളുമായി 44 പേർ പരിസരത്തെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ആരോഗ്യവകുപ്പ് അധികൃതർക്ക് മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിലെല്ലാം പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നതായി പരിശോധനകളിൽ വ്യക്തമായിരുന്നു. അതിനാൽ ഡെങ്കിപ്പനി സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. പനി ബാധിച്ച് മരിച്ചവർക്കാർക്കും കോവിഡ് ബാധയുണ്ടായിരുന്നില്ല.
മരണമുണ്ടായ പ്രദേശങ്ങളിലെ വീടുകളിൽ ആരോഗ്യവകുപ്പ് അധികൃതർ എത്തി. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.