തിരുവനന്തപുരം: കോവിഡ് വാക്സിനേഷനില്‍ കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി. 32.17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്സിന് ഇതുവരെ നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമാവധി ജനങ്ങള്‍ക്ക് വാക്സിന് നല്കി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേര്‍ക്ക് വാക്സിന് നല്‍കിയെന്നത് ആ ലക്ഷ്യത്തിലെ നിര്‍ണായക നേട്ടമാണ്. സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42000 കേസുകൾ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച ടിപിആറും പുതിയ കേസുകളുടെ എണ്ണവും കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട് ശതമാനത്തിന് മാത്രമേ ഓക്സിജൻ ബെഡുകൾ വേണ്ടി വന്നുള്ളൂ. ഒരു ശതമാനമാണ് ഐസിയുവിൽ ആയുള്ളൂ.
18 വയസ്സായ എല്ലാവർക്കും ഈ മാസം ആദ്യഡോസ് നൽകാനായാൽ രണ്ട് മാസം കൊണ്ട് രണ്ടാം ഡോസ് വാക്സീനേഷനും പൂർത്തിയാക്കാനാവും എന്നാണ് കരുതുന്നത്. രോഗം ബാധിച്ച ശേഷം ആശുപത്രിയിൽ വൈകിയെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടാവുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണം. ചികിത്സയ്ക്ക് താമസിച്ച് എത്തുന്നവരുടെ എണ്ണം മുപ്പത് ശതമാനമായി കൂടി. ആഗസ്റ്റിൽ അത് 22 ശതമാനമായിരുന്നു. കൊവിഡ് കാരണം മരണമടയുന്നവരിൽ കൂടുതലും പ്രായധിക്യവും അനുബന്ധരോഗങ്ങളും ഉള്ളവരാണ്. തക്ക സമയത്ത് ചികിത്സ തേടിയാൽ വലിയൊരളവ് മരണസാധ്യത ഒഴിവാക്കാം.
വാക്സിനെടുക്കാൻ വിമുഖത കാട്ടുന്നവർ നിർബന്ധമായും വാക്സിൻ എടുക്കണം. വാക്സിനെടുത്തവരുടെ രോഗ ബാധയിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്സിനെടുത്തവരിൽ രോഗബാധ ഉണ്ടായാലും രോഗാവസ്ഥ കടുത്തതാകില്ല. അതിനാൽ മരണ സാധ്യതയും കുറവാണ്. എന്നാൽ വാക്സിനെടുത്തവർക്ക് രോഗം ബാധിച്ചാൽ അവർക്ക് രോഗവാഹകരാകാൻ കഴിയും അതിനാൽ കൊവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കണം, മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.